അച്ഛനാണ് ഗുരു

0

കാലടി: ആറാം ക്ലാസ്സുകാരനായ ഋത്വിക് എം.നമ്പ്യാര്‍ ഭരതനാട്യ മത്സരവേദിയില്‍ ഓരോ ചുവട് വെച്ചപ്പോഴും ഏറെ ആത്മവിശ്വാസത്തോടെയാണ് മനോജ് കല്യാട് കാണികള്‍ക്കിടയില്‍ നിന്നത്. അധിക സമയം പിന്നിടും മുന്‍പ് ഫലമെത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചതും മനോജ് തന്നെ. മട്ടന്നൂര്‍ ശ്രീ ശങ്കര വിദ്യാപീഠം സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഋത്വികിന്റെ അച്ഛനും ഗുരുവും മനോജാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇക്കുറി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ അഭിമാനത്തിലാണ് അച്ഛനും മകനും. ഭരതനാട്യത്തിന് പുറമെ വയലിന്‍, ശാസ്ത്രീയ സംഗീതം, തബല എന്നിവയും ഋത്വിക് പഠിക്കുന്നുണ്ട്.

നാലാം ക്ലാസ് വരെ ഐ.സി.എസ്.ഇ. സ്‌കൂളിലായിരുന്നു ഋത്വികിന്റെ പഠനം. അവിടെ കലയ്ക്ക് അധിക പ്രോത്സാഹനം ഇല്ലാത്തതിനാല്‍ സി.ബി.എസ്.ഇയിലേക്ക് മാറുകയായിരുന്നു. ”കലയാണ് ഞങ്ങള്‍ക്ക് പ്രധാനം. കലയും വിദ്യാഭ്യാസവും വേര്‍തിരിച്ച് കാണാനും സാധിക്കില്ല”, മനോജ് കല്യാഡ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കലാരംഗത്ത് സജീവമാണ് മനോജ് കല്യാഡ്. മട്ടന്നൂരില്‍ അഞ്ജലി കലാക്ഷേത്രം നടത്തുന്ന മനോജിന്റെ മറ്റ് മൂന്ന് ശിഷ്യര്‍ കൂടെ മത്സരത്തിനെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here