ആറ് ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധി; വനംവകുപ്പ് സർക്കുലറിൽ സർക്കാരിന് അതൃപ്തി

0

ആറ് ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധിയെന്ന വനംവകുപ്പ് സർക്കുലറിൽ സർക്കാരിന് അതൃപ്തി. ആൾക്ഷാമം നിലനിൽക്കേ തീരുമാനം പ്രതിസന്ധിയാകുമെന്ന് വിലയിരുത്തൽ. വനംമേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ് സർക്കുലർ ഇറക്കിയത്. പൊതുഭരണ, ധന വകുപ്പുകളെ അറിയിക്കാതെയുള്ള സർക്കുലർ നിയമപരമായും തിരിച്ചടിയാകും.

സെക്ഷൻ/ സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കാണ് ആനുകൂല്യം അനുവദിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. സെക്ഷൻ/ സ്റ്റേഷൻ ആസ്ഥാനത്ത് 24 മണിക്കൂറും താമസിച്ച് തുടർച്ചയായി ആറു ദിവസം ജോലി നോക്കിയാൽ മൂന്ന് ദിവസം വിശ്രമം അനുവദിക്കാമെന്നും സർക്കുലറിൽ പറയുന്നു.

ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്താനും നിർദേശമുണ്ട്. വനം സംരക്ഷണ വിഭാഗം ജീവനക്കാർക്ക് ആവശ്യത്തിന് വിശ്രമം, വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമയവും ലഭിക്കുന്നില്ലന്ന പരത്തി നേരത്തെ മുതൽ ഉണ്ടായിരുന്നു. ഇത് മുൻ സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും സർക്കുലറിലുണ്ട്. എന്നാൽ പൊതുഭരണ, ധന വകുപ്പുകളെ അറിയാതെയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here