കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്

0

കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് ഇന്ന് വൈകിട്ടോടെ ദാരുണ സംഭവം നടന്നത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. ടുത്ത സുഹൃത്തുക്കളാണ് ഇവർ.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സിലിണ്ടർ ലീക്കായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

തീ ആളിക്കത്തിയതിനെ തുടർന്ന് ആർക്കും ഓട്ടോയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് തൊട്ടടുത്തുള്ള സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് തീയണച്ചത്. പിന്നീടാണ് ഫയർഫോഴ്‌സെത്തിയത്. കത്തിക്കരിഞ്ഞ അവസ്ഥയിലാണ് ഇരുവരെയും പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ഇതേ ബസ് ഇതേ സ്ഥലത്ത് വെച്ച് മുമ്പും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പ്രദേശവാസികളിലൊരാൾ വെളിപ്പെടുത്തി.

അഭിലാഷിന്റെ സഹോദരിയുടെ വീടുണ്ട് ആറാം മൈലിൽ. അവിടെ വന്നതിന് ശേഷം തിരികെ പോകുന്ന സമയത്താണ് അപകടമുണ്ടായത്. അഭിലാഷിന് മൂന്ന് മക്കളാണുള്ളത്. സജീഷ് തൊഴിലാളിയാണ്. ഓട്ടോ മറിഞ്ഞ സമയത്ത് ഇരുവരും ഓട്ടോയുടെ അടിയിലായിപ്പോയി. മാത്രമല്ല തീയാളിപ്പടർന്നതു മൂലം ആർക്കും അടുക്കാനും സാധിച്ചില്ല. ഓട്ടോ മറിഞ്ഞ ഉടൻ തന്നെ തീ ആളിക്കത്തിയെന്നും നാട്ടുകാർ പറഞ്ഞു.

കൂത്തുപറമ്പ്- തലശേരി റോഡിലെ പൊന്ന്യം ആറാംമൈലിൽ വച്ചായരുന്നു അപകടം. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ ജാൻസി. മക്കൾ ഇഷാൻ,നയോമി, നയ്മിയ. പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് ഷജീഷ്. സഹോദരങ്ങൾ ഷബീഷ്, ഷിജി, ഷൈമ.

കണ്ണൂരിനെ നടുക്കിയ അപകടമാണ് നടന്നത്. മാസങ്ങൾക്കു മുൻപ് കണ്ണൂർജില്ലാ ആശുപത്രിക്കു സമീപത്തു നിന്നും കാറിന് തീപിടിച്ചു ദമ്പതികളായ രണ്ടു പേർ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപെയാണ് മറ്റൊരു അപകടം കൂടി നടന്നത്. തീപിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

Leave a Reply