ബംഗലൂരു കോര്‍പറേഷനിലെ മുന്‍ വനിത അംഗത്തിന്റെയും ഭര്‍ത്താവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 42 കോടി രൂപ

0

ഹൈദരാബാദ്: ബംഗലൂരു കോര്‍പറേഷനിലെ മുന്‍ വനിത അംഗത്തിന്റെയും ഭര്‍ത്താവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 42 കോടി രൂപ. 22 ബോക്‌സുകളിലായി കിടയ്ക്കക്ക് അടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. ബംഗലൂരുവിലെ ആര്‍.ടി നഗറില്‍ കഴിഞ്ഞ രാത്രിയാണ് റെയ്ഡ് നടന്നത്. 500 രൂപയുടെ കെട്ടുകളാക്കിയ പണം അശ്വതാമ്മ, ഭര്‍ത്താവ് ആര്‍.അംബികാപതി, അവരുടെ മകള്‍, അംബികാപതിയുടെ സഹോദരന്‍ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മൂന്‍ കോണ്‍ഗ്രസ് എംഎല്‍എ അഖന്ദ് ശ്രീനിവാസമൂര്‍ത്തിയുടെ മൂത്ത സഹോദരിയാണ് അശ്വത്താമ്മ.

അനധികൃതമായി സൂക്ഷിച്ച പണം കോണ്‍ഗ്രസ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സമാഹരിച്ചതാണെന്ന് തെലങ്കാന ധനമന്ത്രിയും ബിആര്‍എസ് നേതാവുമായ ഹരീഷ് റാവു ആരോപിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് 1500 കോടി രൂപയാണ് എത്തുന്നത്. അതിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും സ്വര്‍ണ വ്യവസായികളില്‍ നിന്നും പിരിച്ചെടുത്ത തുകയാണിത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ തെലങ്കാനയിലേക്ക് പണം ഒഴുക്കുകയാണ്. അവര്‍ സീറ്റ് വില്‍പ്പന വരെ നടത്തി. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും ഹരീഷ് റാവു പറഞ്ഞൂ.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിന് കോണ്‍ഗ്രസ് പണമൊഴൂക്കുകയാണെന്ന് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി രാമറാവു ആരോപിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് കോണ്‍ഗ്രസിനെ സഹായിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് തെലങ്കാനയില്‍ തിരിച്ചുസഹായിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നിസാമബാദില്‍ പൊതുയോഗത്തില്‍ ആരോപിച്ചിരുന്നു. നവംബര്‍ 30നാണ് തെലങ്കാന തിരഞ്ഞെടുപ്പ്.

ബൃഹത് ബംഗലൂരു മഹാനഗര പാലിക കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ആര്‍.അബിംകാപതി. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങിയിരുന്നുവെന്ന് ബൃഹത് ബംഗലൂരു മഹാനഗര പാലിക കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു.

ബംഗലൂരുവില്‍ നിന്നും ചെന്നൈ വഴിയാണ് പണം ഹൈദരാബാദില്‍ എത്തിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് റെയ്ഡ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here