സംസ്ഥാനത്ത് അരിക്ക് വില കുറയുന്നു

0

കേരളത്തിൽ അരിക്ക് വില കുറയുന്നു. ജയ അരിക്ക് മൊത്ത വ്യാപാര വില കിലോഗ്രാമിന് 38 രൂപ വരെയായി താഴ്ന്നുകഴിഞ്ഞു. കേരളത്തിൽ ഏറെ ആവശ്യക്കാരുള്ള ജയ അരിയുടെ വരവ് കുറഞ്ഞത് നേരത്തേ വില വർധനയ്ക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ സുലഭമായി എത്തിത്തുടങ്ങിയതോടെയാണ് വില കുത്തനെ കുറയുന്നത്.

ജയ അരി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് മട്ട അരിക്കാണ്. ഇതിന് കിലോഗ്രാമിന് മൂന്നു രൂപയും കുറഞ്ഞിട്ടുണ്ട്. ജ്യോതിയുടെ വടിമട്ട 53 രൂപയും ഉണ്ടമട്ട 43 രൂപയും കുറഉവ അരിക്ക് 42 രൂപയുമായി. ജയ, മട്ട വിഭാഗങ്ങളിൽപ്പെട്ട അരിയാണ് കേരളത്തിലെ ഉപഭോക്താക്കളിൽ ഏകദേശം മുക്കാൽപ്പങ്കും വാങ്ങുന്നത്.

ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരി വരുന്നത്, ജ്യോതി അരി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും. ആന്ധ്രയിൽ സർക്കാർ നെല്ല് സംഭരണം തുടങ്ങിയപ്പോൾ പൊതു വിപണിയിൽ ലഭ്യത കുറഞ്ഞിരുന്നു. ഇതിപ്പോൾ പരിഹരിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയാണ് ജ്യോതിയുടെ ലഭ്യത കുറച്ചത്. ഇതും ഇപ്പോൾ ആവശ്യത്തിനു ലഭ്യമായിത്തുടങ്ങി.

40 ലക്ഷം ടൺ അരിയാണ് കേരളത്തിന് പ്രതിവർഷം ആവശ്യമുള്ളത്. ഇതിന്‍റെ മൂന്നിലൊന്നു മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 16 ലക്ഷം ടൺ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത്, ബാക്കി പൊതു വിപണി വഴിയും.

Leave a Reply