വന്ദേഭാരതിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം; അറിയാം പുതിയ സമയക്രമം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റംവരുത്തി. നാളെ മുതൽ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് സഞ്ചരിക്കുക. വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയത്തിലടക്കം മാറ്റമുണ്ടാകും.

 

അഞ്ച് മിനിറ്റ് നേരത്തെയാകും തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച മുതൽ വന്ദേഭരത് പുറപ്പെടുക. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് തുടങ്ങും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് രണ്ട് മിനിട്ട് അവിടെ നിർത്തിയിടും. 6.05 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയിടും. തുടർന്ന് 6.55 ന് ഇവിടെ നിന്ന് പുറപ്പെടും. വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ എത്തും.

 

തൃശൂരിൽ വന്ദേഭാരതിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവു പോലെ 9.30 ന് എത്തുന്ന വന്ദേഭാരത് പക്ഷേ ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ രണ്ട് മിനിട്ട് നിർത്തിയിട്ടിരുന്ന വന്ദേഭാരത് ഇവിടെ നാളെ മുതൽ മൂന്ന് മിനിറ്റ് നിർത്തിയിടും. 9.33 ന് തൃശ്ശൂർ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെ നിലവിലെ സമയമനുസരിച്ച് തന്നെ വന്ദേഭാരത് എത്തും. ഷൊർണൂർ കഴിഞ്ഞാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.

 

മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ നിലവിലെ സമയക്രമം തുടരും. തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തൃശ്ശൂർ എത്തുന്ന വന്ദേഭാരത് ഇവിടെനിന്ന് 6.13 നായിരിക്കും പുറപ്പെടുക. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. 8.46 ന് ചെങ്ങന്നൂരിൽ എത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. 9.34 ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 9.36 ന് അവിടെ നിന്ന് പുറപ്പെടും. മുൻസമയക്രമത്തിനെക്കാൾ അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here