അദാലത്തിലെ പ്രവർത്തനത്തിലെ സമ്മാനമായി വിനോദയാത്ര, മലപ്പുറം ജില്ലാ കളക്ടറേയും സംഘത്തേയും വഴിയിൽ തടഞ്ഞ് ഒറ്റയാൻ

0

തൃശൂര്‍: മലക്കപ്പാറ ഹിൽ സ്റ്റേഷനിൽ വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടർ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്ആർടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം. ഷോളയാർ ആനക്കയത്താണ് ആന രാത്രി വഴി തടഞ്ഞത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഷോളയാർ കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെത്തി ആനയെ നീക്കിയാണ് കളക്ടർക്ക് സുരക്ഷ ഒരുക്കിയത്.

15 മിനിറ്റ് ആന വഴിയിൽ നിന്ന് മാറാതെ ബസ് തടഞ്ഞു വന പാതയിൽ ഇടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് പിന്നീട് കളക്ടറും സംഘവും പുറത്തെത്തിയത്. നേരത്തെ മലപ്പുറം ജില്ലയിലെ ഫയൽ അദാലത്തിൽ മികച്ച പ്രവർത്തനം നടത്തിയാൽ സഹപ്രവർത്തകരെ ഉല്ലാസ യാത്രയ്ക്ക് കൊണ്ടുപോകാമെന്ന് കളക്ടർ അറിയിച്ചിരുന്നു. ഇത് അനുസരിച്ചാണ് ജീവനക്കാരുമായി കളക്ടര്‍ മലക്കപ്പാറയ്ക്ക് ഉല്ലാസ യാത്ര നടത്തിയത്.


72 പേരടങ്ങുന്ന സംഘം 2 കെഎസ്ആര്‍ടിസി ബസുകളിലായിട്ടായിരുന്നു മലക്കപ്പാറയിലേക്ക് യാത്ര ചെയ്തത്. സംഘം മലക്കപ്പാറയിൽ നിന്ന് തിരികെ വരുമ്പോഴാണ് ആന വഴി തടഞ്ഞത്. മലക്കപ്പാറ പാതയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടാകുന്നത് ഇത് ആദ്യമായല്ല. മെയ് മാസത്തിലും സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.

ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here