വിശ്വകര്‍മജര്‍ക്കായി 13,000 കോടി , പ്രധാനമന്ത്രി വിശ്വകര്‍മയോജനയ്‌ക്കു തുടക്കം

0

ന്യൂഡല്‍ഹി: പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിശ്വകര്‍മജയന്തി ദിനത്തില്‍ 13,000 കോടി രൂപയുടെ പി.എം. വിശ്വകര്‍മ യോജന(പദ്ധതി)യ്‌ക്കു തുടക്കംകുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹിയിലെ ദ്വാരകയില്‍ യശോഭൂമി എന്ന പേരില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ എക്‌സ്‌പോ സെന്ററി(ഐ.ഐ.സി.സി)ന്റെ ആദ്യഘട്ടം (5400 കോടി രൂപ) ഉദ്‌ഘാടനവും തന്റെ 73-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്മേളന-പ്രദര്‍ശനശാലയാകും 8.9 ലക്ഷം ചതുരശ്ര മീറ്ററില്‍ പണിതുയര്‍ത്തുന്ന യശോഭൂമി. ആദ്യഘട്ടത്തില്‍ 1.8 ലക്ഷം ചതുരശ്ര മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി.
രാജ്യത്തെ ഓരോ തൊഴിലാളിക്കും, ഓരോ വിശ്വകര്‍മജനുമായി യശോഭൂമി സമര്‍പ്പിക്കുന്നുവെന്നും പാര്‍ശ്വവത്‌കരിക്കപ്പെട്ട ജനതയ്‌ക്ക്‌ അംഗീകാരം നല്‍കുന്ന സര്‍ക്കാരാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പി.എം. വിശ്വകര്‍മ യോജനയ്‌ക്കു കീഴില്‍ വരുന്ന 18 പരമ്പരാഗത തൊഴിലുത്‌പന്നങ്ങള്‍ മുദ്രണം ചെയ്‌ത 18 സ്‌റ്റാമ്പുകളും ടൂള്‍കിറ്റ്‌ ഇ-ബുക്‌ലെറ്റും മോദി പ്രകാശനം ചെയ്‌തു. പരമ്പരാഗത കരകൗശല ഉത്‌പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ലഭ്യത ഉയര്‍ത്തുകയുമാണു പദ്ധതിയുടെ ലക്ഷ്യം.
തിരിച്ചടവിനു 18 മാസം സാവകാശം ലഭിക്കുന്ന ഒരുലക്ഷം രൂപയുടെയും 30 മാസം സാവകാശം ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെയും ഈടില്ലാത്ത സംരംഭവികസനവായ്‌പകള്‍ പദ്ധതി മുഖേന ലഭിക്കും. ഗുണഭോക്‌താവില്‍നിന്ന്‌ 5% പലിശ ഈടാക്കുമ്പോള്‍, കേന്ദ്ര ചെറുകിട ഇടത്തരം സംരഭകത്വമന്ത്രാലയം 8% പലിശവിഹിതമടയ്‌ക്കും. വായ്‌പയ്‌ക്കു കേന്ദ്രസര്‍ക്കാരാണു ഗ്യാരന്റി നല്‍കുക.

ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം

ജി.എസ്‌.ടി. രജിസ്‌ട്രേഷനുള്ള സ്‌ഥാപനങ്ങളില്‍നിന്ന്‌, ഇന്ത്യയില്‍ നിര്‍മിച്ച പണിയുപകരണങ്ങള്‍ മാത്രം വാങ്ങാന്‍ പരമ്പരാഗതത്തൊഴിലാളികളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ഗണേശചതുര്‍ത്ഥി, ദീപാവലി പോലുള്ള ഉത്സവവേളകളില്‍ പ്രാദേശികോത്‌പന്നങ്ങള്‍ മാത്രം വാങ്ങാനും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
25 ലക്ഷം കോടി രൂപയുടെ കോണ്‍ഫറന്‍സ്‌ ടൂറിസം ഇന്ത്യക്കു മുന്നില്‍ വന്‍അവസരങ്ങളാണു തുറന്നിടുന്നത്‌. യശോഭൂമി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കും. യശോഭൂമിയെ ഡല്‍ഹി എയര്‍പോര്‍ട്ട്‌ മെട്രോ എക്‌പ്രസ്‌ റെയില്‍ മുഖേന ഡല്‍ഹി വിമാനത്താവളവുമായി ബന്ധിപ്പിക്കും.
മണിക്കൂറില്‍ 90-120 കിലോമീറ്റര്‍ വേഗത്തിലാകും എയര്‍പോര്‍ട്ട്‌ മെട്രോ എക്‌പ്രസ്‌ സര്‍വീസ്‌ നടത്തുക. 21 മിനിട്ട്‌ കൊണ്ട്‌ ന്യൂഡല്‍ഹിയില്‍നിന്ന്‌ യശോഭൂമി ദ്വാരക സെക്‌ടര്‍- 25 സ്‌റ്റേഷനിലെത്താം.

പദ്ധതിയുടെ ഗുണഭോക്‌താക്കള്‍

മരപ്പണിക്കാര്‍, നൗക-യുദ്ധക്കപ്പല്‍ നിര്‍മാണത്തൊഴിലാളികള്‍, ഇരുമ്പ്‌-കൊല്ലപ്പണിക്കാര്‍, ഉപകരണനിര്‍മാണത്തൊഴിലാളികള്‍, സ്വര്‍ണപ്പണിക്കാര്‍, കുംഭാരന്‍മാര്‍, കൊത്തുപണിക്കാര്‍, കല്‍പ്പണിക്കാര്‍, ചെരിപ്പുകുത്തികള്‍, കല്ലാശാരി, കുട്ട/പരവതാനി/ചൂല്‍/കയര്‍ തൊഴിലാളികള്‍, പരമ്പരാഗത കളിപ്പാട്ടനിര്‍മാതാക്കള്‍, ബാര്‍ബര്‍, പൂമാല കെട്ടുന്നവര്‍, അലക്കുജോലിക്കാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധനവല നിര്‍മാതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here