ആലപ്പുഴയിൽ ലഹരി പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹെബിൻ ദാസ് ആന്റി നർകോട്ടിക് സെൽ സീനിയർ സിപിഒ ആയ കെഎസ് ഷൈനിനെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സഹോദരന്റെ മകനെതിരെ കേസെടുത്തുവെന്ന് തെറ്റിധരിച്ചായിരുന്നു ഭീഷണിയും അസഭ്യവും.
ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ സിപിഒ കെ.എസ് ഷൈനും മറ്റ് സ്‌ക്വാഡ് അംഗങ്ങളും കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിന് കിഴക്കുവശമുള്ള പാടശേഖരത്തിൽ പരിശോധനയ്ക്ക് എത്തി. ഇവിടെ വച്ച് ചെറുപ്പക്കാർ ലഹരി ഉപയോഗിക്കുന്നു എന്നായിരുന്നു ലഭിച്ച വിവരം. സ്‌കൂൾ വിദ്യാർത്ഥിനികളെ ഉൾപ്പടെ പ്രദേശത്ത് കണ്ടതോടെ പൊലിസ് വിശദാംശങ്ങൾ തേടി . ഇക്കൂട്ടത്തിലുണ്ടായിരുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ സഹോദരന്റെ മകൻ പൊലീസിന് നേരെ തട്ടിക്കയറി. തുടർന്ന് മാരാരിക്കുളം പൊലിസ് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ഹെൽമെറ്റ് ഇല്ലാത്തതിന് പിഴയടപ്പിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഇവരുടെ ഫോൺ പൊലിസ് കൂടുതൽ പരിശോധനക്കായി വാങ്ങി വച്ചു.