28 അടി ഉയരം, 19 ടണ്‍ ഭാരം; ജി20 ഉച്ചകോടി വേദിയിലേക്ക് എട്ടു ലോഹങ്ങളില്‍ തീര്‍ത്ത നടരാജ ശില്‍പം

0

അടുത്തമാസം നടക്കുന്ന ജി-20 ഉച്ചകോടി വേദിയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് 28 അടി ഉയരമുള്ള നടരാജ ശില്‍പം. വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രമാത്തില്‍ നിന്നാണ് ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായുള്ള വേദിയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 25ന് ശില്‍പം ഡല്‍ഹിയിലേക്ക് തിരിച്ചു.

28 അടി ഉയരവും 19 ടണ്‍ ഭാരവുമുള്ള ശില്‍പം എട്ടു ലോഹങ്ങളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനിയിലാകും ശില്‍പം എത്തിക്കും.

പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. പ്രതിമയുടെ മിനുക്കുപണികളും അവസാന മിനുക്കുപണികളും ഡല്‍ഹിയില്‍ നടത്തുക. സ്വാമിമലൈയില്‍ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് ശില്‍പിയുടെ നിര്‍മ്മാതാക്കള്‍. ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ ശില്പത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തില്‍ പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും പദ്ധതിയില്‍ പങ്കാളികളായി.

പണി പൂര്‍ത്തിയാക്കാന്‍ ആറ് മാസമെടുത്തു. 2023 ഫെബ്രുവരി 20 ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓര്‍ഡര്‍ നല്‍കിയത്. ഏകദേശം 10 കോടി രൂപയാണ് പ്രതിമയുടെ വില. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ പ്രൊഫസര്‍ അചല്‍ പാണ്ഡ്യയ്ക്ക് ശില്‍പികള്‍ പ്രതിമ കൈമാറി.

ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. ജി 20 ഉച്ചകോടിയുടെ വേദി അലങ്കരിക്കുന്ന നടരാജ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പ്പര്യമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here