കണ്ണൂരിലെ മാവോയിസ്റ്റ് പ്രകടനം: യുഎപിഎ ചുമത്തി കേസെടുത്തു

0

കണ്ണൂർ അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമെന്ന് സ്ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീർപള്ളിയിലും, അയ്യൻകുന്ന് ഇടപ്പുഴയിലും എത്തിയതെന്നും കണ്ടെത്തി. കേരള-കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം ഒളിവിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം.

രണ്ട് ദിവസം മുമ്പാണ് അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്റ്റ് പ്രകടനം നടന്നത്. സായുധരായ മാവോയിസ്റ്റ് സംഘമാണ് പ്രകടനം നടത്തിയത്. ഒരു വനിത ഉൾപ്പെടെ അഞ്ച് സംഘാംഗങ്ങളുണ്ടായിരുന്നതായാണ് അറിയാൻ കഴിയുന്നത്. തോക്കേന്തി പ്രകടനം നടത്തിയ ഇവർ അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷം മടങ്ങി. ലഘുലേഖകളും സംഘം വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തവയിൽപ്പെടുന്നു.

‘ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’, എന്നതടക്കം ഉള്ളടക്കമുള്ള ലഘുലേഖകളാണ് സംഘം വിതരണം ചെയ്തത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന വാളത്തോട് ടൗണിൽ നേരത്തെയും സായുധരായ മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ടിരുന്നു. വനാതിർത്തി വഴിയാണ് മാവോയിസ്റ്റുകൾ എത്തിയത് എന്നാണ് വിലയിരുത്തുന്നത്. മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന് പിന്നാലെ തണ്ടർബോൾട്ട് കമാന്റോ സംഘം അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here