ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ നശിപ്പിച്ചു; സീലിങ് ഫാനുകളുൾപ്പെടെ വളച്ചുമടക്കി; അമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്തു; അച്ചാമ്മയെ കൊലപ്പെടുത്തിയ മകൻ വിനോദ് ഫ്‌ളാറ്റിൽ കാട്ടിയത് വല്ലാത്ത പരാക്രമം

0


കൊച്ചി: മരടിൽ അച്ചാമ്മ എന്ന 71കാരിയെ ഒരു പകൽ മുഴുവൻ വീട്ടിൽ പൂട്ടിയിട്ട ശേഷം മകൻ കൊലപ്പെടുത്തിയത് വല്ലാത്ത പരാക്രമത്തിനൊടുവിൽ. അമ്മയെ പൂട്ടിയിട്ട ശേഷം മകൻ വല്ലാതെ അക്രമാസക്തനായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന സകല ഉപകരണങ്ങളും ഇയാൾ തകർത്തെറിഞ്ഞു. മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ ഇയാൾ ഒന്നിനും കൊള്ളാത്തവിധം നശിപ്പിച്ചു കളഞ്ഞു. സീലിങ് ഫാനുകളുൾപ്പെടെ വളച്ചുമടക്കിയിട്ടിരിക്കുന്ന കാഴ്ചയാണ്.

അച്ചാമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു പൊലീസ് കണ്ടെത്തിയത്.ആർക്കും അകത്തേക്ക് കയറാൻ വയ്യാത്ത വിധം സാധനങ്ങൾ വലിച്ചു വാരി ഫ്‌ളാറ്റ് അലങ്കോലപ്പെടുത്തി. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്‌മെന്റിലാണ് മകന്റെ വെട്ടേറ്റു അമ്മ മരിച്ചത്. ഇവരുടെ മുഖത്തും സ്വകാര്യ ഭാഗത്തും അടക്കം മകൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അതിക്രൂര കൊലപാതകമാണ് മകൻ നടത്തിയത്.

അച്ചാമ്മയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ലേക്ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്‌ട്രേലിയൻ പൗരത്വമുള്ള മകൾ വിനീത എത്തിയതിനു ശേഷം ചമ്പക്കര പള്ളിയിൽ മൃതദേഹം സംസ്‌കരിക്കും. പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു.

തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വർഷം മുൻപാണു മരടിൽ അപ്പാർട്‌മെന്റ് വാങ്ങി താമസം തുടങ്ങിയത്. ഭർത്താവ് ഏബ്രഹാം 35 വർഷം മുൻപ് മരിച്ചു. മറ്റൊരു മകൾ വർഷങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു. എൽഎൽബി ബിരുദധാരിയാണെങ്കിലും വിനോദ് പ്രാക്ടീസ് ചെയ്യുന്നില്ല. മിക്കവാറും ദിവസങ്ങളിലും വിനോദ് പുറത്തുനിന്നു ഭക്ഷണം വരുത്തും. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി നശിപ്പിച്ചു കളയുന്നതു വിനോദ് ശീലമാക്കിയിരുന്നു.

അതേസമയം, സംഭവം വഷളാക്കിയ മരട് എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർ ഷീജ സാൻകുമാർ എന്നിവർ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ച് എസ്‌പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.

കൊലപാതകം തടയുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്‌ഐ റിജിൻ എം. തോമസ് പറഞ്ഞു. കതകു പൊളിച്ചു വീടിനുള്ളിൽ കയറണമെങ്കിൽ കത്തു വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണു റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ കത്തു തന്നതെന്നു വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here