നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കുന്നിന്മുകളിൽ നിന്നും കടലിലേക്കു വീണു ഡ്രൈവർക്ക് ദാരുണാന്ത്യം. ഓടയം കിഴക്കേപ്പറമ്പിൽ ഫാറൂഖ് (46) ആണ് മരിച്ചത്. ഓട്ടോറിക്ഷ മറിഞ്ഞതോടെ കാണാതായ ഡ്രൈവറെ താഴെവെട്ടൂർ കടൽത്തീരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം രാത്രി 7.45ന് ഇടവ മാന്തറ കടൽത്തീരത്താണ് അപകടമുണ്ടായത്. ഓട്ടോയിൽ നിന്നും കടലിലേക്ക് വീണ ഇയാളെ കടൽ കൊണ്ടുപോകുക ആയിരുന്നു.
മാന്തറ ക്ഷേത്രത്തിനു പിന്നിൽ വർക്കല ക്ലിഫിന്റെ ഭാഗമായ കുന്നിൽ നിന്ന് 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. ഫാറൂഖ് തിരയിൽ പെടുകയും ചെയ്തു. രാത്രി തന്നെ ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഫാറൂഖിനെ കണ്ടെത്താനായില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകൾ ഇല്ലാത്തതും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു.കുന്നിന്റെ വശത്തുകൂടിയുള്ള വഴിയിൽ നിന്നും ഓട്ടോ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചെന്നാണ് പൊലീസ് നിഗമനം. തിരകളെ തടയാനുള്ള കരിങ്കൽ ഭിത്തിക്കു മുകളിൽ വീണ ഓട്ടോ പൂർണമായി തകർന്നു.
ഇന്നലെ രാവിലെയാണ് ഏകദേശം 5 കിലോമീറ്റർ മാറിയുള്ള തീരത്ത് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നു തിരച്ചിൽ നടത്തിയിരുന്നു. ഗൾഫിലായിരുന്ന ഫാറൂഖ് പിന്നീടു നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം കബറടക്കി. സുബിനയാണ് ഭാര്യ. മക്കൾ: വാസില, സൽമാനുൽ ഫാരിസ്. മരുമകൻ: സിദ്ദിഖ്.