കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

0

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കൊല്ലം എഴുകോൺ സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ പ്രദീപാണ് അറസ്റ്റിലായത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

എഴുകോൺ സ്വദേശിയായ പരാതിക്കാരൻ കമ്പോഡിയയിൽ പോകുന്നതിന് കഴിഞ്ഞ മാസം 25 നു ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. തുടർന്ന് ഓഫീസിൽ നിന്നും പരാതിക്കാരൻ താമസിക്കുന്ന എഴുകോൺ പൊലീസ് സ്റ്റേഷനിലേക്ക് പരിശോധനക്കായി അപേക്ഷ അയച്ചു. പരിശോധിച്ചു റിപ്പോർട്ട് നൽകുവാൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ പ്രദീപിനെയാണ് നിയോഗിച്ചത്. തുടർന്ന് പ്രദീപ് പരാതിക്കാരന്റെ വീട്ടിലെത്തി പരിശോധിച്ച ശേഷം സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിക്കാരനോട് ചില ചടങ്ങുകളൊക്കെയുണ്ടെന്നും വേണ്ട രീതിയിൽ കണ്ടാലെ സർട്ടിഫിക്കറ്റ് കിട്ടുയെന്നും അറിയിച്ചു.

രാവിലെ വീണ്ടും ഫോണിലൂടെ പരാതിക്കാരനോട് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതോടെ യുവാവ് വിജിലൻസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വൈകീട്ട് ആറു മണിയോടെ എഴുകോൺ പൊലീസ് സ്റ്റേഷനിൽ വെച്ചു പരാതിക്കാരനിൽ നിന്ന് 500 രൂപ കൈക്കൂലി വങ്ങവേ പ്രദീപിനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here