അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചു;ഡോക്ടർ പരിശോധിക്കുന്ന സമയം ബൈക്കുമായി മുങ്ങിയ പ്രതി പിടിയിൽ

0

എറണാകുളം: അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എറണാകുളം തമ്മനം എകെജി നഗർ സ്വദേശി വിഷ്ണു രാജേഷാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24-ന് പുലർച്ചെ മൂന്നര മണിയോടെ ആയിരുന്നു സംഭവം.

കൂട്ടുകാരന്റെ ബൈക്കിൽ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന യുവാവ് തമ്മനത്ത് വെച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ബൈക്ക് കാലിന് മുകളിലേയ്‌ക്ക് വീണതിനാൽ തനിയെ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ഈ സമയം അതുവഴി വന്ന വിഷ്ണു പരാതിക്കാരനായ യുവാവിനെ എഴുന്നേൽപ്പിച്ചു. പിന്നാലെ അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ കയറ്റി ഇയാളെ എറണാകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പരിക്കേറ്റ യുവാവിനെ ഡോക്ടർ പരിശോധിക്കുന്ന സമയം പ്രതിയായ വിഷ്ണു ഇയാളുടെ വാഹനവുമായി കടന്നുകളയുകയായിരുന്നു.

തുടർന്ന് പോലീസിന് ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവാണ് പ്രതിയെന്ന നിഗമനത്തിൽ പോലീസ് എത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണു പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here