ലിൻഡ യാക്കരിനോ ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റു

0

ലിൻഡ യാക്കരിനോ ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റു. എൻബിസി യൂണിവേഴ്സലിലെ മുൻ ഉദ്യോഗസ്ഥയായ ലിൻഡ തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ട്വിറ്ററിൽ ചുമതലയേറ്റ വിവരം വ്യക്തമാക്കി. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ, എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ നിലകളിൽ ഇനി പ്രവർത്തിക്കും.കഴിഞ്ഞ മാസമായിരുന്നു ലിൻഡയെ ട്വിറ്ററിന്റെ സിഇഒ ആയി തിരഞ്ഞെടുത്ത വിവരം മസ്‌ക് അറിയിച്ചത്. നേരത്തെ തന്നെ ലിൻഡയുടെ ട്വിറ്റർ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്റിലുമായി ബന്ധിപ്പിച്ചിരുന്നു. ലിൻഡയുടെ ട്വിറ്റർ ഹാന്റിലിൽ വെരിഫൈഡ് ചിഹ്നത്തോടൊപ്പം ഇപ്പോൾ ട്വിറ്റർ ലോഗോയും കാണാം.

2022 ഒക്ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ, മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ചില സമൂലമായ മാറ്റങ്ങളിലൂടെയാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിഇഒ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കമ്പനി ചെയർമാൻ ഇലോൺ മസ്‌കിന് നന്ദിയറിയിച്ച് ലിൻഡ ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദർശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങൾ പ്രാവർത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങൾ ട്വിറ്ററിൽ കൊണ്ടു വരാൻ മസ്‌കിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും ലിൻഡ കുറിച്ചു. ഇലോൺ മസ്‌ക് തന്നെയാണ് ലിൻഡയെ പുതിയ സിഇഒ ആയി നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്.

2022 ൽ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം വിവിധ കാരണങ്ങളാൽ കമ്പനിയുടെ വരുമാന സ്രോതസുകളായിരുന്ന പരസ്യദാതാക്കൾ പലരും ട്വിറ്റർ വിട്ടുപോയിരുന്നു. ഇത് കമ്പനിയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കൂട്ടപ്പിരിച്ചുവിടലും ഉള്ളടക്കവുമായി ബന്ധപ്പെട്ട മസ്‌കിന്റെ തീരുമാനങ്ങളും ട്വിറ്റർ ബ്ലൂ സബ്സ്‌ക്രിപ്ഷൻ സംവിധാനവുമെല്ലാം വിവാദത്തിലായി. ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാർക്കുള്ള നിരവധി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും 80 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു മസ്‌ക്. ഇതിനു പുറമെ ട്വിറ്ററിൽ ബ്ലൂ ടിക് ഉള്ള വെരിഫിക്കേഷൻ ബാഡ്ജ് എടുത്തുമാറ്റി പകരം ട്വിറ്റർ ബ്ലൂ എന്ന പുതിയ സംവിധാനം മസ്‌ക് അവതരിപ്പിച്ചു.

പണം കൊടുത്താൽ ആർക്കും ട്വിറ്റർ ബ്ലൂ നേടാൻ സാധിക്കും. എന്നാൽ വെരിഫിക്കേഷൻ ബാഡ്ജ് അങ്ങനെയായിരുന്നില്ല. വളരെ അഭിമാനകരമായിട്ടാണ് വെരിഫിക്കേഷൻ ബാഡ്ജിനെ കണക്കാക്കിയിരുന്നത്. ട്വിറ്ററിന്റെ യൂസർ ബേസിലെ വെറും ഒരു ശതമാനമാണ് ട്വിറ്റർ ബ്ലൂ ഉപയോഗിക്കുന്നത്. മസ്‌കിന്റെ മാനേജ്മെന്റ് ശൈലി പലപ്പോഴും ജീവനക്കാരിൽ നിന്നും ട്വിറ്റർ യൂസർമാരിൽനിന്നും വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇനി ഈ വെല്ലുവിളികളെല്ലാം തരണം ചെയ്യണ്ടത് ലിൻഡയാണ്.

പ്രമുഖ മാധ്യമ ഗ്രൂപ്പായ എൻ.ബി.സി. യൂണിവേഴ്സലിൽ ഒരു ദശാബ്ദമായി പ്രവർത്തിക്കുന്ന ലിൻഡ യാക്കരിനോ കമ്പനിയുടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇതിനുമുമ്പ് ടേണർ എന്റർടെയ്ന്മെന്റിൽ 19 വർഷം സേവനമനുഷ്ഠിച്ചു. പെൻ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ലിബറൽ ആർട്സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിൻഡ, മാസങ്ങൾക്ക് മുമ്പ് മയാമിയിൽ നടന്ന ഒരു കോൺഫറൻസിൽ ഇലോൺ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. 2022-ൽ ‘വുഷി റൺസ് ഇറ്റ്’ വുമൻ ഓഫ് ദ ഇയർ പുരസ്‌കാരവും ബിസിനസ് വീക്കിന്റെ ‘സിഇഒ. ഓഫ് ടുമോറോ’ പുരസ്‌കാരവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here