താനൂർ ബോട്ട് ദുരന്തം: ബോട്ട് ഡ്രൈവർ ജിനേഷിനെ കാണാനില്ല; അറസ്റ്റിലായ ബോട്ടുടമ നാസർ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം എസ് പി

0

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബോട്ട് ഡ്രൈവർ ജിനേഷിനെ കാണാനില്ല. ഇയാൾക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ അറസ്റ്റിലായ ബോട്ടുടമ നാസറിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജീത് ദാസ്.

നിലവിൽ മലപ്പുറം എസ..പിക്കു കീഴിൽ താനൂർ ഡി.വൈ.എസ്‌പിയും സംഘവുമാണ് കേസന്വേഷിക്കുന്നത്. ബോട്ടിന്റെ ഉടമ ഒട്ടുംപുറം സ്വദേശിയും താനൂർ പൊലീസ് സ്റ്റേഷന്റെ സമീപത്തെ താമസക്കാരനുമായ പാട്ടരകത്ത് നാസറിനെ (47) നരഹത്യ കുറ്റം ചുമത്തി പൊലീസ് ഇന്നലൊണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.

സംഭവശേഷം കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് കടന്ന നാസറിനെ ഇന്നലെ വൈകിട്ട് ആറോടെ കോർപ്പറേഷൻ ഓഫീസിന് സമീപം ആകാശവാണി പരിസരത്ത് നിന്നാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ ഒളിവിൽ പോവുകയായിരുന്നു. നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഇത് ഉപേക്ഷിച്ചു.

ഇന്നലെ രാവിലെ നാസറിന്റെ സഹോദരൻ സലാം, സഹോദര പുത്രൻ വാഹിദ്, അയൽവാസിയും സുഹൃത്തുമായ മുഹമ്മദ് ഷാഫി എന്നിവരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടാൻ അഭിഭാഷകനെ കാണാനാണ് നാസറിന്റെ കാറിൽ മൂവരും കൊച്ചിയിലെത്തിയത്. സഹോദരന്റെ ഫോണിലേക്ക് നാസർ വിളിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുള്ളതായി കണ്ടെത്തിയത്.

ബോട്ട് പുതുക്കിപ്പണിതിരുന്നതായി സഹോദരൻ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ പൊലീസ് തയ്യാറായില്ല. ബോട്ട് ഡ്രൈവറും സഹായിയും ഒളിവിലാണ്. ബോട്ട് ദുരന്തം അന്വേഷിക്കാൻ താനൂർ ഡിവൈ.എസ്‌പി വി.വി.ബെന്നി, കൊണ്ടോട്ടി എ.സി.പി വിജയ ഭാരത് റെഡ്ഢി, താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം എസ്‌പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

അതേസമയം, ബോട്ട് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Leave a Reply