തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. കേസ് അൽപ്പസമയത്തിനകം പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ബെഞ്ചും കേസ് പരിഗണിക്കുക. അപകടത്തിന്റെ ഉത്തരവാദി ബോട്ട് ഓപ്പറേറ്റർ മാത്രമല്ലെന്ന് കോടതി പറഞ്ഞു. കുട്ടികൾ അടക്കം മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും വിമർശിച്ചു.
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജല ഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും ഇത് സർക്കാർ അവഗണിച്ചുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തുകയുണ്ടായി.
ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ബോട്ടുകളുടെ ഫിറ്റ്നസ്സ് ഉൾപ്പടെ എല്ലാവർഷവും പരിശോധിക്കണം. ബോട്ടുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം എന്നത് അടക്കമുള്ള ശുപാർശകളാണ് നേരത്തം നാരായണ കുറിപ്പ് കമ്മീഷൻ പറഞ്ഞത്. ഈ വിഷയത്തിൽ ഇറക്കുന്ന സർക്കാരിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ഒരു സേഫ്റ്റി കമ്മീഷണർ വേണമെന്ന് താൻ നിർദ്ദേശം നൽകിയിരുന്നതായും ജസ്റ്റിസ് വ്യക്തമാക്കി.
ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തത് വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനൂരിലെ ബോട്ടിലേതിലെ പോലെ ഓവർലോഡാണ് കുമരകത്തും ദുരന്തതിന്റെ വ്യാപ്തി കൂട്ടിയത്. തുടർച്ചയായി പരിശോധനകൾ ഈ മേഖലയിൽ ആവശ്യമാണെന്നും റോഡിൽ ചെറിയ രൂപ മാറ്റം വരുത്തിയ വാഹനമിറക്കിയാൽ അപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എന്നാൽ ഇങ്ങനെയുള്ള ബോട്ടുകൾ വെള്ളത്തിൽ ഇറക്കാമെന്ന സ്ഥിതിയാണ്. ഒന്നും അറിയാത്ത ജനങ്ങൾ ഇതിന്റെ ദുരന്തം അനുഭവിക്കുന്നുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തുകയുണ്ടായി.
താനൂരിലെ ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. അതേസമയം സർക്കാറിനെതിരെ വിമർശനം ഉയരുമ്പോൾ പാർലമെന്റ് പാസാക്കിയ ഉൾനാടൻ ജലഗതാഗത നിയമത്തിനായുള്ള പ്രത്യേക ചട്ടങ്ങൾ സംസ്ഥാനത്ത് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന വാദമാണ് സർക്കാറിന്. പുതിയ ചട്ടങ്ങളും വിവിധ കമ്മിഷൻ നിർദ്ദേശങ്ങളും ഉൾപ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്.