കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ഈ മാസം രണ്ടു ശമ്പളം

0


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ഈ മാസം രണ്ടു ശമ്പളംകിട്ടിയേക്കും. ഏപ്രിലിലെ ശമ്പളം കൊടുക്കാന്‍ 50 കോടി രൂപ സര്‍ക്കാര്‍ ധനസഹായം ആവശ്യപ്പെട്ട്‌ മാനേജ്‌മെന്റ്‌ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ശമ്പള വിഷയത്തില്‍ യൂണിയനുകള്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ്‌ രണ്ടു മാസത്തെ ശമ്പളം എട്ടിന്‌ ഒന്നിച്ചു ലഭിക്കുമെന്ന പ്രതിക്ഷ ഉയര്‍ന്നിരിക്കുന്നത്‌.
കഴിഞ്ഞ മാസത്തെ ശമ്പളം ഉള്‍പ്പെടെ ഈ മാസം എട്ടിന്‌ രണ്ടും കൂടി ഒരുമിച്ച്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചതായാണ്‌ സൂചന. ശമ്പളം ഒരുമിച്ച്‌ നല്‍കിയില്ലെങ്കില്‍ എട്ട്‌ മുതല്‍ ബി.എം.എസ്‌ സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ്‌ കെ.എസ്‌.ആര്‍.ടി.സി. യൂണിയനുകള്‍ മുഖ്യമന്ത്രിയെ കണ്ടത്‌. എന്നാല്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നത്‌ അവസാനിപ്പിക്കുമോ എന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടില്ല. കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തില്‍ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ നടപ്പായിരുന്നില്ല. ശമ്പളം ഗഡുക്കളായി നല്‍കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ തൊഴിലാളി സംഘടനകള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here