ജൂനിയര്‍ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥരുടെയും ജില്ലാ പോലീസ്‌ മേധാവിമാരുടെയും ഇളക്കി പ്രതിഷ്‌ഠ ഈ ആഴ്‌ച ഉണ്ടായേക്കും;അനില്‍ കാന്ത്‌ സി.എ.ടിയിലേക്ക്‌; പകരം ആക്‌ടിങ്‌ ഡി.ജി.പി. ?

0


തിരുവനന്തപുരം : സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍ കാന്തിനു പുതിയ നിയമന ശിപാര്‍ശ നല്‍കി മറ്റൊരാളെ ആക്‌ടിങ്‌ ഡി.ജി.പിയാക്കാന്‍ സാധ്യത. പോലീസ്‌ ഉന്നതതലത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുകയാണ്‌.
അടുത്ത മാസം 30 വരെ കാലാവധിയുള്ള അനില്‍ കാന്തിനെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (സി.എ.ടി) അംഗമായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അനില്‍ കാന്ത്‌ നല്‍കിയ അപേക്ഷയിന്മേല്‍ അനുകൂല തീരൂമാനമെടുത്ത സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്‌ ശിപാര്‍ശ കൈമാറുകയും ഇതിന്മേല്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റീസ്‌ തീരുമാനം എടുക്കുകയും വേണം. അനില്‍ കാന്തിന്റെ ഔദ്യോഗിക പശ്‌ചാത്തലം വിശദമാക്കുന്ന വിജിലന്‍സ്‌/ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറും. അടുത്ത മാസം 30 ന്‌ മുമ്പ്‌ അനില്‍ കാന്തിന്‌ പുതിയ നിയമനം ഉറപ്പാകുകയാണെങ്കില്‍ സീനിയര്‍ എ.ഡി.ജി.പി: കെ. പത്മകുമാറിനെ ആക്‌ടിങ്‌ ഡി.ജി.പിയായി നിയമിക്കാനാണു സാധ്യത. എന്നാല്‍, അനില്‍ കാന്തിനോട്‌ ഇതുവരെ അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. പത്മകുമാര്‍ അടക്കം എട്ട്‌ സീനിയര്‍ ഐ.പി.എസുകാരുടെ പേരുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്‌. നിഥിന്‍ അഗര്‍വാള്‍ (ഐ.ബി), ഷേഖ്‌ ദര്‍വേഷ്‌ സാഹിബ്‌ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്‌. പത്മകുമാറിനെ ആക്‌ടിങ്‌ ഡി.ജി.പിയായി നിയമിച്ച്‌ അനില്‍ കാന്തിന്റെ പിന്‍ഗാമിയായി നിയമിക്കാനാണ്‌ സര്‍ക്കാര്‍ താല്‍പ്പര്യം. പക്ഷേ, അന്തിമ തീരുമാനം യു.പി.എസ്‌.സി പട്ടിക ലഭിച്ച ശേഷമായിരിക്കും.
അതിനിടെ, ജൂനിയര്‍ ഐ.പി.എസ്‌ ഉദ്യോഗസ്‌ഥരുടെയും ജില്ലാ പോലീസ്‌ മേധാവിമാരുടെയും ഇളക്കി പ്രതിഷ്‌ഠ ഈ ആഴ്‌ച ഉണ്ടായേക്കും.

Leave a Reply