എല്ലാം കെല്‍ട്രോണിന്റെ നോട്ടപ്പിശകാക്കി മാറ്റി വിവാദം അവസാനിപ്പിക്കാന്‍ നീക്കം;രേഖകള്‍ പ്രതിപക്ഷത്തിന് ചോരുന്നത് സിപിഎമ്മില്‍ നിന്നു തന്നെ? കാമറ ഇടപാടില്‍ ബന്ധുവിന്റെ പങ്ക് ; പ്രതികരിക്കാതെ മുഖ്യമന്ത്രി

0


തിരുവനന്തപുരം: എ.ഐ. കാമറ അഴിമതി ആവിയാക്കാന്‍ ”നിര്‍മിതബുദ്ധി” പ്രവര്‍ത്തിച്ചുതുടങ്ങി. ആരോപണമുന മുഖ്യമന്ത്രിയിലേക്ക് ഉള്‍പ്പെടെ നീണ്ടതോടെ എല്ലാം കെല്‍ട്രോണിന്റെ നോട്ടപ്പിശകാക്കി മാറ്റി വിവാദം അവസാനിപ്പിക്കാന്‍ നീക്കം. വിജിലന്‍സിന്റെയും വ്യവസായവകുപ്പിന്റെയും അന്വേഷണങ്ങളില്‍ കെല്‍ട്രോണ്‍ മാത്രമാകും പ്രതിസ്ഥാനത്തെന്നാണു സൂചന.

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ്ബാബുവും പ്രസാഡിയോയും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളാണു കമ്പനി രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കപ്പെട്ട ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലുള്ളത്. പ്രകാശ്ബാബു ഉള്‍പ്പെടെ കമ്പനി പണം നല്‍കാനുള്ളവരുടെ പട്ടിക പ്രതിപക്ഷത്തിനടക്കം ലഭിച്ചതിനു പിന്നില്‍ സി.പി.എമ്മില്‍ത്തന്നെ ചിലര്‍ക്കു പങ്കുള്ളതായി നേതൃത്വം സംശയിക്കുന്നു.

കെ-ഫോണ്‍ ഉള്‍പ്പെടെ മറ്റ് വന്‍കിടപദ്ധതികളിലും പ്രസാഡിയോ ഉപകരാര്‍ നേടിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതില്‍ പാര്‍ട്ടി ബന്ധമുണ്ടെന്നാണു സൂചന. സര്‍ക്കാര്‍ നടപ്പാക്കുന്ന മിക്ക വന്‍പദ്ധതികളിലും ടെന്‍ഡര്‍ ഘട്ടം മുതല്‍ ഉപകരാറുകളില്‍വരെ ഒരേ കമ്പനികളുടെ സ്ഥിരംസാന്നിധ്യവും കെ.എസ്.ആര്‍.ടി.സി. വസ്തുവകകള്‍വരെ ഏറ്റെടുക്കാനുള്ള നീക്കവും വരുംദിവസങ്ങളില്‍ വിവാദമായേക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലെ അഴിമതിക്കു ചുക്കാന്‍ പിടിച്ചത് ഒരു മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണെന്നും സൂചനയുണ്ട്. സി.പി.എമ്മില്‍ വന്‍സ്വാധീനമുള്ള ഇയാളിലേക്ക് അന്വേഷണം നീണ്ടതോടെയാണു കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

കാമറ ഇടപാടില്‍ ബന്ധുവിന്റെ പങ്കിനെക്കുറിച്ച് പരസ്യമായി ആരോപണമുയര്‍ന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിട്ടില്ല. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന രേഖകള്‍ ദിവസേന പുറത്തുവരുമ്പോഴും അതെല്ലാം അവഗണിക്കാനാണു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനം. വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഗതാഗതവകുപ്പ് ഊരാളുങ്കല്‍ ലേബര്‍ സൊെസെറ്റിക്കു നല്‍കിയ കരാറിലും ഉപകരാര്‍ നേടിയത് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പങ്കാളിത്തം ആരോപിക്കപ്പെടുന്ന പ്രസാഡിയോ ആണെന്നു തെളിയിക്കുന്ന രേഖകളാണു പുതുതായി പുറത്തുവന്നത്.

കമ്പനി രജിസ്ട്രാര്‍ക്കു പ്രസാഡിയോ സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുമുണ്ട്. ഇന്നലെ മന്ത്രിസഭാതീരുമാനങ്ങള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമെന്നും അപ്പോള്‍ കാമറ വിവാദത്തില്‍ പ്രതികരിക്കുമെന്നും കരുതിയെങ്കിലും അതുണ്ടായില്ല.

എ.ഐ. കാമറ പദ്ധതി ഏറ്റെടുത്തത് എസ്.ആര്‍.ഐ.ടിയാണെങ്കിലും പ്രധാന നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായ പ്രസാഡിയോയാണ്. കാമറ പദ്ധതി വിവാദമായതിനു പിന്നാലെയാണു പ്രസാഡിയോയ്ക്കു ലഭിച്ച മറ്റ് പദ്ധതികളുടെ വിശദാംശങ്ങളും പുറത്തുവരുന്നത്. ഇതിനു പിന്നിലും കെല്‍ട്രോണിലെ ചില ഉദ്യോഗസ്ഥരുടെ ”കൊതിക്കെറുവാ”ണെന്നു സൂചനയുണ്ട്.

കാസര്‍ഗോഡും കണ്ണൂരും വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍നിന്ന് ഉപകരാറെടുത്തതു പ്രസാഡിയോയാണ്. 4.16 കോടി രൂപയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ വിതരണവും അനുബന്ധജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018-ല്‍ സ്ഥാപനം തുടങ്ങിയതിനു തൊട്ടുപിന്നാലെയാണു വമ്പന്‍ കരാര്‍ പ്രസാഡിയോയെ തേടിയെത്തിയത്. എ.ഐ. കാമറ പദ്ധതി കെല്‍ട്രോണ്‍ വഴിയാണു സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍, ടെസ്റ്റിങ് സ്‌റ്റേഷനുകളുടെ കാര്യത്തില്‍ കിഡ്‌കോ മുഖേനയാണ് ഊരാളുങ്കലിലേക്കും പ്രസാഡിയോയിലേക്കും എത്തിയത്.

Leave a Reply