തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫിനായി നീങ്ങിയ ഗൾഫ് എയർ വിമാനത്തിന്റെ എൻജിനിലേക്ക് പരുന്ത് ഇടിച്ചു കയറി

0

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫിനായി നീങ്ങിയ ഗൾഫ് എയർ വിമാനത്തിന്റെ എൻജിനിലേക്ക് പരുന്ത് ഇടിച്ചു കയറി. തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് 171 യാത്രക്കാരുമായി പോകുകയായിരുന്ന ഗൾഫ് എയർ വിമാനത്തിലാണ് പരുന്തിടിച്ച് അപകടമുണ്ടായത്. പരുന്ത് അകപ്പെട്ടതോടെ വിമാനത്തിന്റെ എൻജിനിൽ നിന്ന് വലിയ ശബ്ദവും തീയും പുകയുമുണ്ടായി.

ഞായറാഴ്ച രാവിലെ 6.08-ഓടെ വിമാനത്താവളത്തിലെ വള്ളക്കടവ് ഭാഗത്തുള്ള റൺവേ-32 എന്ന ഭാഗത്തായിരുന്നു സംഭവം. എൻജിന്റെ അഞ്ചിലധികം ബ്ലേഡുകൾക്ക് കേടുപാടുണ്ടായി. എയർട്രാഫിക് കൺട്രോൾ ടവറിലെ കൺട്രോൾ ഇടപെട്ട് അപകടം ഒഴിവാക്കി. വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്ത് റൺവേയിൽ നിർത്തിയിടാനായി പൈലറ്റ് അലി അഹമ്മദിന് നിർദ്ദേശം നൽകി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനയും സിഐ.എസ്.എഫ്. കമാൻഡോകളും വിമാനത്താവളത്തിലെ ഓപ്പറേഷൻ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടർന്ന് യാത്ര റദ്ദുചെയ്ത് വിമാനം പാർക്കിങ്ങിലെ 28-ാം നമ്പർ ബേയിലേക്ക് മാറ്റി. പരിശോധനയിൽ എൻജിനുള്ളിൽനിന്ന് പരുന്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രക്കാരെ സെക്യൂരിറ്റി ഹോൾഡ് ഏര്യായിലേക്ക് മാറ്റി. എൻജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം വിമാനം ഉച്ചയ്ക്ക് രണ്ടോടെ ബഹ്റൈനിലേക്ക് പുറപ്പെട്ടു.

Leave a Reply