പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് രംഗത്ത്

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് രംഗത്ത്.ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ മൊത്തം ഉത്തരവാദിത്വം ബിജെപിയുടെ മേൽ പഴിചാരുന്നത് ശരിയല്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്നും ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അത് മുഴുവൻ മോദിയും ബിജെപിയുമാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിക്കും സഭയ്ക്കും യോജിപ്പില്ലെന്ന് മൊത്രോപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് വിശദീകരിച്ചു.ബിജെപി നേതാവ് എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ മോദിയെ പുകഴ്‌ത്തി സംസാരിച്ചത്.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന പൊതു നിലപാട് ശരിയല്ല.കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു.എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.ആളുകളുടെ വ്യക്തിത്വം വികസനമാണ് ആർഎസ്എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആർഎസ്എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു.ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങൾക്ക് പിന്നിലുണ്ടെന്ന് സഭകൾ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ നിന്ന് ഈ വിഷയത്തിൽ ഭിന്നാഭിപ്രായം ഉയരുന്നത്.

നരേന്ദ്ര മോദി എന്ന വ്യക്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സഭ വലുതോ ചെറുതോ ആയിക്കോട്ടെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതും സംസാരിക്കുന്നതും നല്ലതാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകർഷിക്കുന്നതാണ്. നല്ല വ്യക്തികളെ വളർത്തിയെടുക്കുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം.

എങ്ങനെയാണ് സമൂഹത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള സംഘടനയാണ് ആർഎസ്എസ്. രാഷ്ട്രീയ സ്വയംസേവക സംഘം രാജ്യത്തെ ദേവിയായി കാണുന്ന പ്രസ്ഥാനമാണ്. രാജ്യ താല്പര്യം മുൻനിർത്തി വ്യക്തിത്വ വികസനം സാധ്യമാകുന്ന തരത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന, ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്’.

‘മോദിജിയുമായി വ്യക്തിപരമായി എനിക്ക് നല്ല ബന്ധമുണ്ട്. ഏറെനാൾ ഗുജറാത്തിലെ അഹമ്മദാബാദിൽ സഭയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഗുജറാത്തിൽ സഭ നടത്തുന്ന നിരവധി സ്‌കൂളുകൾ ഉണ്ട്. പതിനായിരക്കണക്കിന് കുട്ടികൾക്ക് അടിസ്ഥാനപരമായും ഉന്നത നിലവാരത്തിലും മികച്ച വിദ്യാഭ്യാസം നൽകുന്ന സഭയുടെ പ്രവർത്തനങ്ങൾക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ മോദിജി മികച്ച പിന്തുണയും സഹായവും നൽകിയിരുന്നു.

പണം വാങ്ങി അസത്യങ്ങൾ എഴുതി വിടുന്ന ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് രാജ്യത്തു നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാണാതെ പോകുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മേലുള്ള അക്രമങ്ങൾക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികൾ എന്ന കാഴ്ചപ്പാട് വ്യക്തിപരമായി എനിക്കില്ല’- എന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

Leave a Reply