ബതിൻഡ സൈനിക സ്റ്റേഷനിൽ ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

0

ബതിൻഡ സൈനിക സ്റ്റേഷനിൽ ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 4.35 ഓടെയാണ് സംഭവം. ഉടൻ തന്നെ സ്റ്റേഷനിലെ ദ്രുത പ്രതികരണ സംഘങ്ങളെ നിയോഗിച്ചു. സംഭവസ്ഥലം സേന വളഞ്ഞ് മുദ്ര വച്ചു. തിരച്ചിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സൈന്യത്തിന്റെ ദക്ഷിണ-പടിഞ്ഞാറൻ കമാൻഡ് അറിയിച്ചു.

ഇതൊരു തീവ്രവാദി ആക്രമണം അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക സ്റ്റേഷനിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം. ഈ സ്ഥലത്ത് സൈനികരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഓഫീസേഴ്‌സ് മെസിലാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന. വെടിവപ്പിൽ മരിച്ചവർ ആരൊക്കെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല. പൊലീസിനെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. ആഭ്യന്തര പ്രശ്‌നമാണെന്ന് കരുതുന്നതായി ബതിൻഡ സീനിയർ പെലീസ് സൂപ്രണ്ട് ജി എസ് ഖുറാന അറിയിച്ചു.

സ്റ്റേഷനിലെ ആർട്ടിലറി യൂണിറ്റിൽ നിന്ന് ഏതാനും ആയുധങ്ങൾ കാണാതെ പോയിരുന്നു. ഈ ആയുധങ്ങൾ കണ്ടെടുക്കാൻ തിരച്ചിൽ നടത്തി വരികയായിരുന്നെന്നും റിപ്പോർട്ടുണ്ട്.

രണ്ടുദിവസം മുമ്പാണ് ഒരു ഇൻസാസ് റൈഫിളും, 28 വെടിത്തിരകളും കാണാതെ പോയത്. ചില സൈനികരാണ് ഇതിന് പിന്നിലെന്ന സംശയം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here