തലശേരി നഗരസഭാ പരിധിയിലെ എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റത് ബോംബ് നിർമ്മാണത്തിവനിടെയെന്ന് സൂചന

0

തലശേരി നഗരസഭാ പരിധിയിലെ എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റത് ബോംബ് നിർമ്മാണത്തിവനിടെയെന്ന് സൂചന. ബുധനാഴ്‌ച്ച പുലർച്ചെയാണ് സംഭവം. എരഞ്ഞോളി സ്വദേശി കച്ചമ്പ്രത്ത് വിഷ്ണുവിനാണ് പരുക്കേറ്റത്. ഉഗ്രസ്ഫോടനത്തിൽ ഇയാളുടെ ഒരു ഒരു കൈയുടെ കൈപ്പത്തിയും വിരലുകളും അറ്റിട്ടുണ്ട്. പൊലീസെത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലമായ എരഞ്ഞോളിപാലം കച്ചുമ്പുറം താഴെ നിന്നും പൊട്ടാത്ത ഒരു നാടൻ ബോംബും കണ്ടെത്തിയിട്ടുണ്ട്.

ബോംബു നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ വിഷ്ണു ആർ. എസ്. എസ് പ്രവർത്തകനാണെന്ന ആരോപണം സി.പി. ഉയർത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എരഞ്ഞോളി മേഖലയിൽ പൊലിസ് ബോംബുകൾക്കായി തെരച്ചിൽ നടത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.രണ്ടു മാസങ്ങൾക്കു മുൻപ് തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോട്ടസ് റോഡിൽ വീട്ടിൽ നിന്നും ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചു യുവാവിന് പരുക്കേറ്റിരുന്നു.

ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിഷു ഉത്സവത്തിന്റെ പശ്ചാലത്തിൽ രാഷ്ട്രീയ സംഘർഷമേഖലയായ തലശേരിയിൽ സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് പൊലിസ് തീരുമാനം.

വിഷ ആഘോഷത്തിന്റെ മറവിൽ തലശേരി താലൂക്കിലെ വിവിധസ്ഥലങ്ങളിൽ വീണ്ടും ബോംബുനിർമ്മാണ ഫാക്ടറികൾ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. ഇവിടെ നിന്നും വൻതോതിൽ അയൽജില്ലയായ കോഴിക്കോടുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് നിർമ്മിച്ച ബോംബുകൾ ഊടുവഴികളിലൂടെ കടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തലശേരിയിലെ എരഞ്ഞോളിയിൽ വീണ്ടും ബോംബു പൊട്ടിത്തെറിച്ചു യുവാവിന് പരുക്കേറ്റത്.

കഴിഞ്ഞ മാസമാണ് ഇരിട്ടി മേഖലയിൽ വീട്ടിൽ ബോംബുനിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചു ആർ. എസ്. എസ് പ്രവർത്തകനും ഭാര്യയ്ക്കും പരുക്കേറ്റത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ കൈപ്പത്തി നഷ്ടമായിട്ടുണ്ട്. പ്രതിയായ യുവാവിനെ പിന്നീട് ആശുപത്രിയിൽ നിന്നും മടങ്ങും വഴി പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

Leave a Reply