രാജ്യത്ത് ക്രൈസ്തവ ആക്രമണം: കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കി ക്രൈസ്തവ മുഖപത്രം ; സംഘപരിവാറിനെ പരാമര്‍ശിക്കുന്നേയില്ല

0


കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങളില്‍ സംഘപരിവാറിനെ പരാമര്‍ശിക്കാതെയും കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കിയും ക്രൈസ്തവ മുഖപത്രം. ” ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍” എന്ന തലക്കെട്ടോടെ മുഖപത്രമായ ലെയ്റ്റി വോയ്‌സില്‍ ചീഫ് എഡിറ്റര്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റിയന്‍ എഴുതിയ മുഖലേഖനത്തിലാണിത്.

ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി.നേതൃത്വം ആരംഭിച്ചിരിക്കേയാണ് ഈ ലേഖനമെന്നതും ശ്രദ്ധേയം. ബി.ജെ.പി അനുകൂല അഭിപ്രായപ്രകടനങ്ങള്‍ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതും അടുത്തിടെയാണ്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമാണെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.

കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്തവരെ തകര്‍ക്കാന്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ പുതുതലമുറ മറക്കരുത്. ലക്ഷക്കണക്കിനു വിശ്വാസികളെയും വൈദികരെയും കൊലചെയ്ത കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാന്‍ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവര്‍ മാത്രമല്ല ലോകജനതയ്ക്കു തന്നെ മറക്കാന്‍ സമയമായിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ കമ്യൂണിസവും പൊളിറ്റിക്കല്‍ ഇസ്ലാമും ചേര്‍ന്നുള്ള പങ്കുകച്ചവടമാണ് നടക്കുന്നത്. ഇവ രണ്ടും കൈകോര്‍ക്കുമ്പോള്‍ ആഗോളഭീകരതയുടെ കൂടിച്ചേരലാണെന്ന് മനസിലാക്കാന്‍ ക്രൈസ്തവര്‍ക്കാകണമെന്നാണ് മറ്റൊരു ആഹ്വാനം.

ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരേ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരേ ഒരു പരാമര്‍ശം പോലും ലേഖനത്തില്‍ ഇല്ല. എന്നാല്‍, ഛത്തീസ്ഗഡിലെ ആക്രമണങ്ങള്‍ പറയുന്നിടത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലെ സര്‍ക്കാരാണെന്ന് എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നുമുണ്ട്.

Leave a Reply