അതീഖ് അഹമ്മദിന്റെ കൊലപാതകത്തിനു പിന്നില്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ സുന്ദര്‍ ഭാട്ടിയെന്നു സൂചന. കൊലയാളികളില്‍ ഒരാള്‍ക്ക് സുന്ദര്‍ ഭാട്ടിയുടെ സംഘവുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ശനിയാഴ്ചയാണ് അതീഖിനെയും സഹോദരന്‍ അഷ്‌റഫിന്റെയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. മൂന്നംഗ കൊലയാളി സംഘത്തിനു പിസ്റ്റളുകള്‍ എത്തിച്ചുനല്‍കിയത് സുന്ദര്‍ ഭാട്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പാകിസ്താന്‍ വഴി ഇന്ത്യയിലെത്തിയ സിഗാന പിസ്റ്റളാണ് പ്രതികള്‍ കൊലപാതകത്തിനുപയോഗിച്ചത്. തുര്‍ക്കി നിര്‍മിതമായ സെമി ഓട്ടോമാറ്റിക് പിസ്റ്റലാണിത്. ഇത് എത്തിയതിനു പിന്നിലെ സൂത്രധാരന്‍ സുന്ദര്‍ ഭാട്ടിയാണെന്നു പോലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
കൊലയാളികളില്‍ ഒരാളായ സണ്ണി എന്ന രോഹിതിനാണു സുന്ദര്‍ ഭാട്ടിയുമായി ബന്ധമുള്ളത്. ഹമീര്‍പുര്‍ സ്വദേശിയായ ഇയാള്‍ക്കെതിരേ 14 കേസുകളുണ്ട്. 2019 ല്‍ ഭാട്ടിക്കൊപ്പം ജയിലില്‍ കിടന്നിട്ടുള്ള സണ്ണി അന്നു മുതല്‍ ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഭാട്ടിയുടെ നിര്‍ദേശപ്രകാരമാണ് കൊലയാളികളുടെ പക്കല്‍ സിഗാന പിസ്റ്റള്‍ എത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. സുന്ദര്‍ ഭാട്ടിക്കെതിരേ 62 ക്രിമിനല്‍ കേസുകളാണു നിലവിലുള്ളത്. ഹരേന്ദ്ര പ്രധാന്‍ വധക്കേസില്‍ ഗൗതംബുദ്ധ നഗര്‍ ജില്ലാ കോടതി അടുത്തിടെ ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
സോന്‍ഭദ്ര ജില്ലാ ജയിലില്‍ കഴിയുന്ന ഇയാള്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടക്കുന്നതിനുമുമ്പ് ഗതാഗത കരാറുകള്‍ എടുത്തിരുന്നു. ബുലന്ദ്ഷഹര്‍ ആയിരുന്നു അന്നത്തെ താവളം. പിന്നീട് നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇയാള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി.
സുന്ദര്‍ ഭാട്ടിയുടെ സംഘത്തിലുള്ളവര്‍ കൊള്ളയിലും കരാര്‍ കൊലപാതകത്തിലും കുപ്രസിദ്ധരാണ്. പൂര്‍വാഞ്ചലില്‍ ഇവര്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു.
കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ സംഘവും ഇവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സാധാരണക്കാരായ പ്രതികള്‍ വിദേശ നിര്‍മിത തോക്കുപയോഗിച്ചതില്‍ അന്വേഷണസംഘത്തിനു തുടക്കം മുതലേ സംശയമുണ്ടായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതത്തില്‍ ഭാട്ടിയുടെ പങ്ക് വ്യക്തമായത്.
സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന മാസങ്ങള്‍ക്കു മുന്‍പ് സണ്ണിയെ അറസ്റ്റ് ചെയ്ത് ഹമിര്‍പുര്‍ ജയിലിലടച്ചത്. ഇൗ സമയത്താണു സുന്ദര്‍ ഭാട്ടിയുമായി കണ്ടുമുട്ടിയതെന്നാണു പോലീസിന്റെ നിഗമനം. തുടര്‍ന്ന് ഭാട്ടിയുടെ സംഘത്തില്‍ ചേര്‍ന്ന സണ്ണി കൂട്ടാളികളായ മറ്റു രണ്ടു പേരെയും ഒപ്പം കൂട്ടുകയായിരുന്നു.
എ.കെ. 47 ഉള്‍പ്പെടെ വന്‍ ആയുധശേഖരം സുന്ദര്‍ ഭാട്ടിയുടെ െകെവശമുണ്ടെന്നാണു പോലീസിന്റെ നിഗമനം. വിദേശനിര്‍മിത തോക്കുപയോഗിക്കാന്‍ സണ്ണിക്കും കൂട്ടുപ്രതികള്‍ക്കും എങ്ങനെ പരിശീലനം ലഭിച്ചെന്ന അന്വേഷണവും ഊര്‍ജിതമാണ്.