സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ കിണറുകൾ വറ്റി വരളുകയാണ്. ഇതോടെ ജലക്ഷാമവും രൂക്ഷമായി. വാട്ടർ അഥോറിറ്റിയാകട്ടേ ഗ്രാമ മേഖലയിൽ കുടിവെള്ളം കൃത്യമായി എത്തിക്കുന്നതുമില്ല.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴ പെയ്യാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മഴ വന്നില്ലെങ്കിൽ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും. വലിയ വരൾച്ചയ്ക്കും അത് വഴിയൊരുക്കും. ഇത് നേരിടാനുള്ള മുന്നൊരുക്കമൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നേരത്തെ തന്നെ കിട്ടിയിരുന്നു. സിഡബ്ല്യു ആർഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ ആവശ്യത്തിനുള്ള മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വൻ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗർഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന തോതിലാണ്. േെവനൽമഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. മഴ ലഭിക്കാതെ വന്നാൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് കുറയുകയും ചെയ്യും. ഭൂഗർഭ ജലനിരപ്പ് താഴ്ന്ന കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലം ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ സംസ്ഥാന സർക്കാർ മുന്നൊരുക്കമൊന്നും നടത്തിയില്ലെന്നതാണ് വസ്തുത.

ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിമീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ മഴയിലാണ് കേരളത്തിന്റെ പ്രതീക്ഷ. തെക്കൻ കേരളത്തേക്കാൾ വടക്കൻ കേരളത്തിലാണ് അതിശക്തമായ ചൂടുള്ളത്. പാലക്കാട് അതീവ ഗൗരവതരമായ സാഹചര്യമാണുള്ളത്, കുടിവെള്ളത്തിന് വേണ്ടി അലയേണ്ട അവസ്ഥയിൽ കേരളം എത്തുമെന്ന ആശങ്ക ശക്തമാണ്. പാടങ്ങൾ വരണ്ടുണങ്ങുകയാണ്. അതും പ്രതിസന്ധിയായി മാറും.

സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply