വീട്ടില്‍ കയറി ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കാറിന്റെ ഡോര്‍ അടയാതെ വന്നതോടെ ഭാര്യയെ വഴിയില്‍ തള്ളി ഭര്‍ത്താവുമായി പോയി

0


കോഴിക്കോട്: വീട്ടില്‍ കയറി ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ അക്രമിസംഘം പാതിവഴിയില്‍ ഭാര്യയെ തള്ളി ഭര്‍ത്താവുമായി കടന്നുകളഞ്ഞു. താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വഴിയില്‍ തള്ളിയ സെനിയയ്ക്ക് പരിക്കേല്‍ക്കുകയൂം ഇവര്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖം മറഞ്ഞെത്തിയ ഒരു സംഘം കഴിഞ്ഞ രാത്രിയില്‍ വീട്ടിലെത്തി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു എന്നാണ് സെനിയ നല്‍കിയിട്ടുള്ള മൊഴി. ഭര്‍ത്താവിനെ നാലു പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചു​കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതു കണ്ട് താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും പിടിച്ചുവലിച്ചു കാറില്‍ കയറ്റി. പക്ഷേ കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാതെ വരികയും താന്‍ ഒച്ചയെടുക്കുകയും ചെയ്തതോടെ കുറേ ദൂരം പോയ ശേഷം തന്നെ വഴിയില്‍ തള്ളിയിറക്കിയതായി സെനിയ പറഞ്ഞു.

പിടിവലിക്കിടെ സെനിയക്ക് പരിക്കേല്‍ക്കുകയും ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാകാം അക്രമത്തിന് പിന്നിലെന്നാണ് സംശയം. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. തൂവാല കൊണ്ട് മുഖം മറച്ച അക്രമികള്‍ വെള്ള സ്വിഫ്റ്റ് കാറിലാണ് വന്നതെന്നും സെനിയ മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply