ലൈംഗികത ദൈവം മനുഷ്യര്‍ക്ക് തന്ന ഏറ്റവും സുന്ദരമായ സമ്മാനം ; ഗര്‍ഭഛിദ്രം നടത്തിയവരോടും കരുണ കാട്ടണം ; ലൈംഗികാതിക്രമം പള്ളിയിലെന്നല്ല എവിടെയും ഗൗരവതരം: മാര്‍പ്പാപ്പ

0


മനുഷ്യര്‍ക്ക് ദൈവം നല്‍കിയ മനോഹരമായ കാര്യങ്ങളില്‍ ഒന്നാണ് ലൈംഗികത എന്ന് പോപ്പ് ഫ്രാന്‍സിസ്. ‘ദി പോപ്പ് ആന്‍സ്വേഴ്‌സ്’ എന്ന പേരില്‍ പുറത്തുവന്ന ഡോക്യുമെന്ററിയില്‍ ലൈംഗികത, എല്‍ജിബിടി അവകാശം, ഗര്‍ഭഛിദ്രം, നീലച്ചിത്ര വ്യവസായം, കത്തോലിക്ക സഭകളെ വിവാദത്തില്‍ ആഴ്ത്തിയ ലൈംഗിക ചൂഷണം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ മാര്‍പാപ്പ മറുപടി നല്‍കുന്നുണ്ട്.

ബുധനാഴ്ച ഡിസ്‌നി പ്ലസ് പുറത്തുവിട്ട ഒരു ഡോക്യുമെന്ററിയിലാണ് ലൈംഗികതയെക്കുറിച്ചുള്ള തന്റെ കാഴ്പ്പാട് മാര്‍പ്പാപ്പ പങ്കുവെച്ചത്. മനുഷ്യര്‍ക്ക് ദൈവം തന്നിട്ടുള്ള ഏറ്റവും മനോഹരമായ കാര്യത്തില്‍ ഒന്നാണ് ലൈംഗികതയെന്നാണ് ഡോക്യുമെന്ററിയില്‍ മാര്‍പ്പാപ്പ പറയുന്നത്. ലൈംഗികത പ്രകടിപ്പിക്കാന്‍ കഴിയുക എന്നത് ഒരു സമ്പന്നതയാണെന്നും പറഞ്ഞു. ലൈംഗികതയ്ക്ക് സ്വയം ഒരു ചലനാത്മകതയുണ്ട്. അത് മനുഷ്യരില്‍ നില നില്‍ക്കുന്നതിനും ഒരു കാരണമുണ്ട്. അത് സ്‌നേഹത്തിന്റെ പ്രകടനമാണ്. അതു തന്നെയായിരിക്കും അതിന്റെ കാതലെന്നും പറഞ്ഞു. യഥാര്‍ത്ഥ ലൈംഗികതാപ്രകടനത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന എന്തും നിങ്ങളില്‍ അതിന്റെ സമ്പന്നത കുറയ്ക്കുമെന്നാണ് സ്വയംഭോഗത്തെ പരാമര്‍ശിക്കുന്നത്.

സ്വവര്‍ഗ്ഗാനുരാഗികളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഭിന്ന ലൈംഗികതയില്‍ ഉള്ള ആളുകളെയും കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്നായിരുന്നു മറുപടി. ദൈവം എന്നാല്‍ പിതാവാണ്. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരേയും എന്തിനേയും ഒഴിവാക്കുന്നില്ല. തനിക്ക് സഭയില്‍ നിന്നും ആരേയും ഒഴിവാക്കാന്‍ അവകാശമില്ലെന്നും പറഞ്ഞു.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കേസില്‍ അത്തരം കാര്യങ്ങള്‍ സഭയുടെ രീതിയ്ക്ക് അസ്വീകാര്യമാണെങ്കിലും ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളോടും കരുണയുള്ളവര്‍ ആയിരിക്കണം പുരോഹിതര്‍ എന്നും പറഞ്ഞു. ഗര്‍ഭഛിദ്രം നടത്തിയ ഒരു സ്ത്രീയെ തനിച്ചു വിടാനാകില്ല. അവള്‍ക്കൊപ്പം നില്‍ക്കണം. അവളെ പെട്ടെന്ന് നരകത്തിലേക്കോ ഏകാന്നതതയിലേക്കോ തനിച്ചു വിടരുതെന്നും പറഞ്ഞു.

സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമ വിഷയത്തിലും പോപ്പ് മറുപടി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്ന വിഷയം പള്ളിയില്‍ മാത്രമല്ല, എല്ലായിടത്തും ഗൗരവമുള്ളതാണ്. സംരക്ഷിക്കേണ്ട സ്ഥലത്ത് തന്നെ നിങ്ങള്‍ നശിപ്പിക്കുന്നു എന്നതിനാല്‍ സഭയുടെ കാര്യത്തില്‍ അത്തരം സംഭവങ്ങള്‍ കൂടുതല്‍ അപകീര്‍ത്തികരമാണെന്നും പോപ്പ് പറയുന്നു. 11 വയസ്സുള്ളപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ ഒരാള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടായിരുന്നു പോപ്പിന്റെ പ്രതികരണം.

താന്‍ വ്യക്തിപരമായി ഒരിക്കലും ‘വര്‍ണ്ണവിവേചനം അനുഭവിച്ചിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ് വംശീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തത്. കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂട്ടിച്ചേര്‍ക്കുകയും വേണമെന്ന് പറഞ്ഞു. പത്തുപേര്‍ കഴിഞ്ഞ വര്‍ഷം റോമില്‍ വെച്ച് ചിത്രീകരിച്ച കൂടിക്കാഴ്ചയാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവന്നത്.

Leave a Reply