ആറു വയസ്സുള്ള കുട്ടിയെ കാണാനില്ല, മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മുങ്ങി; മെക്‌സിക്കോക്കാരിയെയും ഭര്‍ത്താവ് ഇന്ത്യാക്കാരനെയും ആറുമക്കളെയും തേടി ടെക്‌സാസ് പോലീസ്

0


ടെക്‌സാസ്: ആറുവയസ്സുള്ള ആണ്‍കുട്ടിയെ ടെക്‌സാസിലെ വീട്ടില്‍ നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യയിലേക്ക് പോയ മാതാപിതാക്കളെ തിരിച്ചുകൊണ്ടുവരാന്‍ ടെക്‌സാസിലെ എവര്‍മന്‍ പോലീസ്. ഭിന്നശേഷിക്കാരനും പ്രത്യേക പരിഗണന വേണ്ട കുട്ടിയുമായ നോയല്‍ റോഡ്രിഗ്രസ് അല്‍വാരസ് എന്ന കുട്ടിയെ കാണാതായ സംഭവത്തില്‍ ഇന്ത്യയിലേക്ക് മുങ്ങിയ കുട്ടിയുടെ മാതാവ് സിന്‍ഡി റോഡ്രിഗ്രസ് സിംഗിനെയും ഭര്‍ത്താവ് അര്‍ഷദീപ് സിംഗിനെയുമാണ് അമേരിക്കയില്‍ തിരികെ എത്തിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ കാണാതായ കുട്ടി ഇതിനകം മരണപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. തുടര്‍ന്ന് കുട്ടിയുടെ ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മാതാപിതാക്കളെ തിരികെ അമേരിക്കയില്‍ എത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ വിവരം കിട്ടൂ എന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ നവംബറില്‍ ഇരട്ടസഹോദരിമാര്‍ ജനിച്ചതിന് പിന്നാലെയാണ് ആറു വയസ്സുള്ള കുട്ടിയെ കാണാതായത്. പ്രത്യേക പരിഗണന വേണ്ട ഭിന്നശേഷിക്കാരനായ കുട്ടിയില്‍ സാത്താന്‍ കയറിയിരിക്കുകയാണ് എന്നായിരുന്നു മാതാവ് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ധരിപ്പിച്ചിരുന്നത്.

കുട്ടിയില്‍ നിന്നും ചെകുത്താനെ ഇറക്കാനുള്ള മന്ത്രതന്ത്രങ്ങളും മര്‍ദ്ദന മുറകളുമെല്ലാം മാതാവ് പരീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ ഉണ്ടെന്ന് കരുതുന്ന മാതാവ് സിന്‍ഡി റോഡ്രിഗ്രസ് സിംഗിനെയും ഭര്‍ത്താവ് അര്‍ഷദീപ് സിംഗിനെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറത്തുവിട്ടിട്ടുണ്ട്. മാര്‍ച്ച് 20 ന് എവര്‍മന്‍ ഫാമിലി സര്‍വീസ് കുട്ടിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെ മാര്‍ച്ച് 22 സാന്‍ഡിയും അര്‍ഷദീപ് സിംഗും കുട്ടികളെയും വലിച്ചുകയറ്റി ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നു.

പലബന്ധങ്ങളിലായി 10 കുട്ടികളുള്ള 37 കാരിയായ സിന്‍ഡിയുടെ മൂന്ന് കുട്ടികള്‍ സിന്‍ഡിയുടെ മാതാപിതാക്കള്‍ക്കൊപ്പവും നോയലും മറ്റുള്ളവരും ഫോര്‍ട്ട് വര്‍ത്തിന്റെ പ്രാന്തപ്രദേശമായ എവര്‍മാനിലെ ഒരു ഷെഡില്‍ മാതാവിനും രണ്ടാം ഭര്‍ത്താവിനൊപ്പവുമാണ് താമസിച്ചിരുന്നു. നോയലിന്റെ രണ്ടാനച്ഛനായ ഇന്ത്യാക്കാരന്‍ സിംഗും വൃത്തിഹീനമായ ഈ കുടിലില്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. സിന്‍ഡിയും ഭര്‍ത്താവും ആറു മക്കളും ഒരുമിച്ചാണ് ഇന്ത്യയിലേക്ക് പോയത്. നോയല്‍ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിന്‍ഡിക്കും ഭര്‍ത്താവിനും അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബര്‍ മുതല്‍ നോയലിനെ കാണാനില്ലെന്നാണ് പോലീസിന് കിട്ടിയ വിവരം. കേസില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം പോലീസിന് കിട്ടിയിട്ടുണ്ട്. കുട്ടിയെ കാണാതായതിന് പിന്നാലെ സിന്‍ഡി മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത് നോയല്‍ പിതാവിനും സഹോദരിയ്ക്കുമൊപ്പം മെക്‌സിക്കോയില്‍ ആണെന്നായിരുന്നു. തുടര്‍ന്ന് പോലീസ് മെക്‌സിക്കോയിലെ ഏജന്‍സികളുമായി ബന്ധപ്പെട്ട് മൊഴി കള്ളമാണെന്ന് കണ്ടെത്തുകയും ചെയ്തു. കുട്ടിയെ ഒരു അപരിചിതന് വിറ്റെന്നായിരുന്നു സിന്‍ഡി പറഞ്ഞ മറ്റൊരു നുണ. എല്ലാം കള്ളമാണെന്ന് കണ്ടെത്തിയതോടെയാണ് കുട്ടി മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

അതേസമയം കുട്ടിയെ സിന്‍ഡി ഉപദ്രവിച്ചിരുന്നതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. നോയലില്‍ പ്രേതം കയറിയിരിക്കുകയാണെന്ന് സിന്‍ഡി പറയുമായിരുന്നു. പുതിയതായി പിറന്ന ഇരട്ടക്കുട്ടികളെ നോയല്‍ ആക്രമിക്കുമോ എന്നും സിന്‍ഡി ഭയന്നിരുന്നു. പ്രത്യേക പരിഗണന കിട്ടേണ്ട കുട്ടിയായതിനാല്‍ നിരന്തരം ഡയപ്പര്‍ മാറേണ്ടി വരുമെന്ന കാരണത്താല്‍ സിന്‍ഡി നോയലിന് ആഹാരവും വെള്ളവും നിഷേധിച്ചിരുന്നതായി ബന്ധുക്കളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കല്‍ വെള്ളം കുടിച്ചതിന് താക്കോല്‍ കൊണ്ട് കുട്ടിയെ കുത്തിയതിനും സാക്ഷിയായതായി ചില ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

കാണാതാകുന്നതിന് തൊട്ടുമുമ്പ് ആഹാരം കിട്ടാതെ ദുര്‍ബ്ബലനായും പോഷകാഹാരക്കുറവ് നേരിട്ടിരുന്ന നിലയിലുമായിരുന്നു നോയല്‍ ഇരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മാസം തികയാതെ പിറന്ന കുഞ്ഞായിരുന്നു നോയല്‍. ചെറുപ്പത്തില്‍ തന്നെ അവന് പലതരം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തില്‍ സിന്‍ഡിയ്ക്ക് എതിരേ മുമ്പും ക്രിമിനല്‍ ചാര്‍ജ്ജുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് നോയല്‍ ഒഴികെയുള്ള എല്ലാ കുട്ടികള്‍ക്കും പാസ്‌പോര്‍ട്ടിന് സിന്‍ഡി അപേക്ഷിച്ചിരുന്നു. അടുത്ത ദിവസം അവള്‍ തനിക്കും പാസ്പോര്‍ട്ടിന് അപേക്ഷിച്ചു.

Leave a Reply