തസ്തിക നിർണയത്തെ തുടർന്ന് നാളെ ജോലിയിൽ നിന്ന് പുറത്താകുന്ന ഹയർ സെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അദ്ധ്യാപകർക്ക് ഇരട്ട പ്രഹരമായി സ്ഥലം മാറ്റവും

0

തിരുവനന്തപുരം: ചില കാര്യങ്ങളിൽ നമ്മുടെ സംവിധാനങ്ങൾ പലപ്പോഴു മനുഷ്യത്വ രഹിതമായാണ് പ്രവർത്തിക്കാറ്. വിദ്യാഭ്യാസ വകുപ്പിന്റെ കണ്ണിൽചോരയില്ലായ്മ കാരണം പണി കിട്ടിയത് ഒരു വിഭാഗം അദ്ധ്യാപകർക്കാണ്. തസ്തിക നിർണയത്തെ തുടർന്ന് നാളെ ജോലിയിൽ നിന്ന് പുറത്താകുന്ന ഹയർ സെക്കൻഡറി ഇംഗ്ലിഷ് ജൂനിയർ അദ്ധ്യാപകർക്ക് ഇരട്ട പ്രഹരമായി സ്ഥലം മാറ്റവും എത്തിയെന്നാണ് വാർത്ത. ഒന്നര വർഷത്തിനിടെ പിഎസ്‌സി വഴി നിയമനം നേടിയവരിൽ 56 അദ്ധ്യാപകരെ തസ്തിക നഷ്ടപ്പെട്ട സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി.

ഇവരിൽ ഭൂരിപക്ഷവും ഇന്ന് അവസാനിക്കുന്ന ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്കായി മറ്റു സ്‌കൂളുകളിൽ നിയോഗിക്കപ്പെട്ടവരാണ്. ഇവർക്ക് ഇതര ജില്ലകളിലേക്ക് അടക്കമാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നതും. ഇന്ന് പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം സ്‌കൂളുകളിലെത്തി വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം നാളേക്കുള്ളിൽ സ്ഥലംമാറ്റം കിട്ടിയ സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിക്കേണ്ടി വരും. നാളെ വൈകുന്നേരത്തോടെ ഇവർ ജോലിയിൽ നിന്നു പുറത്താകുകയും ചെയ്യുമെന്നതാണ് ദുരവസ്ഥ.

ഇവരെ സൂപ്പർ ന്യൂമററി തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് ഇന്നലത്തെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ വിഷയത്തിൽ തീരുമാനമൊന്നുമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധികൾ കാരണം അത്തരം തസ്തികകൾ സൃഷ്ടിക്കുന്നതിനോട് സർക്കാറിന് താൽപ്പര്യം കുറവാണ്താനും. ഇതിനിടെയാണ്, സ്ഥലംമാറ്റ ഉത്തരവ് വന്നത്. അടുത്ത മന്ത്രിസഭാ യോഗം ഏപ്രിൽ 5ന് ആയതിനാൽ അതിനു മുൻപ് ഇവർ പുറത്താവുകയും ചെയ്യും.

തസ്തിക നിർണയത്തെ തുടർന്ന് 87 ജൂനിയർ അദ്ധ്യാപക തസ്തികകളാണ് നിലനിൽക്കുന്നത്. സർവീസിലുള്ള സീനിയർ അദ്ധ്യാപകരെ തസ്തിക നിലനിൽക്കുന്ന ഈ സ്‌കൂളുകളിലേക്ക് മാറ്റിയതിനൊപ്പമാണ് അവിടങ്ങളിൽ ജോലി ചെയ്തിരുന്ന ജൂനിയർ ഇംഗ്ലിഷ് അദ്ധ്യാപകരെ തസ്തിക നഷ്ടപ്പെട്ട സ്‌കൂളുകളിലേക്കു മാറ്റിയത്. സാങ്കേതിക പ്രശ്‌നം ഒഴിവാക്കാനാണ് മാറ്റമെങ്കിലും ജോലിയിൽ നിന്നു പുറത്താകുന്നവരെ സംബന്ധിച്ച് ഇരട്ടപ്രഹരമായി.

സൂപ്പർ ന്യൂമററി തസ്തികകളുടെ കാലാവധി 31ന് അവസാനിക്കുന്നതോടെയാണ് അദ്ധ്യാപകർക്ക് സർവീസിൽ നിന്നു പുറത്തു പോകേണ്ടി വരുന്നത്. തസ്തിക ഒഴിവു വരുന്നതിനനുസരിച്ച് ഇവർക്ക് പുനർനിയമനം നൽകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 110 സൂപ്പർ ന്യൂമററി തസ്തികകളിൽ 47 എണ്ണം സുപ്രീംകോടതി ഉത്തരവനുസരിച്ച് നേരത്തേയുള്ള റാങ്ക് ലിസ്റ്റിൽ നിന്നു കഴിഞ്ഞ മാസം നിയമനം നൽകേണ്ടതായിരുന്നു. എന്നാൽ അനിശ്ചിതത്വത്തിലുള്ള ജോലി ആയതിനാൽ 10 പേർ മാത്രമാണു ജോലിയിൽ പ്രവേശിക്കാൻ തയാറായത്. അവർക്ക് തസ്തിക നഷ്ടപ്പെടുന്ന സ്‌കൂളുകളിലാണ് നിയമനം നൽകിയതെന്നതിനാൽ സ്ഥലംമാറ്റമില്ല.

ഇവരുൾപ്പെടെ സർവീസിലുള്ള 66 പേർക്കാണ് ജോലിയിൽ നിന്നു പുറത്തു പോകേണ്ടി വരുന്നത്. ഇവർക്ക് സർവീസ് മുറിയുന്നതിനൊപ്പം പുനർനിയമനം ലഭിക്കുന്നതു വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും. ഇതൊഴിവാക്കണമെങ്കിൽ പുറത്താകുന്നതിനു മുൻപ് സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടി വരും. അനുകൂല തീരുമാനം വൈകിയാലും ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ അതു നടപ്പാക്കിയും ഈ പ്രതിസന്ധി ഒഴിവാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here