സൂറത്ത് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ നല്കിയിട്ടില്ല

0

ന്യൂഡൽഹി: സൂറത്ത് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ നല്കിയിട്ടില്ല. ഇടക്കാലം കൊണ്ട് ദേശീയ തലത്തിൽ തീർത്തും അപ്രസക്തമായി പോയ കോൺഗ്രസ് മാധ്യമശ്രദ്ധ പോലും കിട്ടിയത് ഈ കേസിലാണ്. അതുകൊണ്ട് തന്നെ കുറിച്ചു കാല്ം കൂടി വിഷയം നിലനിർത്തി കൊണ്ടു പോകാനാണ് കോൺഗ്രസിന്റെ ശ്രമം. കേസിൽ അപ്പീൽ നൽകാത്തതും തിരക്കു കൂട്ടേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം കണക്കിലെടുത്ത്.

രണ്ട് വർഷത്തേക്കു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണം എന്നാവശ്യപ്പെട്ട് അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമാണ് ഏതാനും ദിവസം മുൻപു വരെ രാഹുൽ നേതൃത്വത്തെ അറിയിച്ചിരുന്നത്. അപ്പീൽ നൽകുന്നതിനു കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്കു പോകാമെന്നും ചർച്ചകളിൽ രാഹുൽ നിലപാടെടുത്തു. പൂർവികരായ ജവാഹർലാൽ നെഹ്‌റുവും ഇന്ദിര ഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം സ്വീകരിക്കാൻ മടിയില്ലെന്നും വ്യക്തമാക്കി.

അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂലവികാരം സൃഷ്ടിക്കാൻ സഹായിക്കുമെന്നു നേതൃത്വം കണക്കുകൂട്ടിയെങ്കിലും കടുത്ത മാർഗം തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇപ്പോഴത്തെ നിലയിൽ അപ്പീലിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ ഐക്യവും കേന്ദ്ര സർക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയാണ്. അതുകൊണ്ട തന്നെ കാര്യങ്ങൾ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും കോൺഗ്രസിന്റെ തുടർ തീരുമാനങ്ങൾ.

ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷ ഐക്യം ബലപ്പെടുത്തുകയാണു ലക്ഷ്യം. വൈകിയാണെങ്കിലും രാഹുലിന്റെ അനുമതി ലഭിച്ചതോടെ, അപ്പീൽ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അടുത്തുതന്നെ സൂറത്ത് സെഷൻസ് കോടതിയിൽ ഇത് ഫയൽചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സെഷൻസ് കോടതിമുതൽ സുപ്രീംകോടതിവരെ നീണ്ടേക്കാവുന്ന കേസായതിനാൽ സമയമെടുത്താലും സൂക്ഷ്മതയോടെയും കരുതലോടെയും ഹർജി തയ്യാറാക്കണമെന്നായിരുന്നു നിയമവിഭാഗത്തിന് രാഹുൽഗാന്ധി നൽകിയ നിർദ്ദേശം.

നിയമയുദ്ധത്തിനൊപ്പം രാഹുലിന്റെ അയോഗ്യതയ്‌ക്കെതിരേ രാഷ്ട്രീയപോരാട്ടം ശക്തമാക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷത്തെ ദേശീയനേതാക്കളുടെ യോഗം വേഗം വിളിക്കണമെന്ന ആവശ്യം ബുധനാഴ്ചയും ഉയർന്നു. കഴിഞ്ഞദിവസം ഖാർഗെ സഭാനേതാക്കന്മാർക്ക് നൽകിയ വിരുന്നിൽ ഏപ്രിലിൽ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു.

അതിനിടെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയൊഴിയാൻ ലോക്‌സഭാ ഭവനകാര്യ വിഭാഗം നിർദേശിച്ചതോടെ ഇതും പ്രചരണ വിഷയമാക്കി മാറ്റാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് താമസിക്കാൻ വീടു വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രചാരണം. ‘എന്റെ വീട്, താങ്കളുടെയും’ എന്ന വാചകത്തോടെ രാഹുലിനെ സ്വന്തം വീട്ടിൽ താമസിക്കാൻ പ്രവർത്തകർ ക്ഷണിക്കുന്നതിന്റെ ദൃശ്യങ്ങളാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്.

അതേസമയം സവർക്കർ വിഷയത്തിൽ ശിവസേനയുമായുള്ള പ്രശ്‌നങ്ങൾ രാഹുൽ പരിഹരിച്ചു. ഇന്നലെ പാർലമെന്റിലെത്തിയ രാഹുൽ ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി: സഞ്ജയ് റാവുത്തുമായി കൂടിക്കാഴ്ച നടത്തി. സവർക്കറെ രാഹുൽ അപമാനിക്കുന്നതിൽ ശിവസേന നീരസം പ്രകടിപ്പിച്ചിരുന്നു. സോണിയയെയും രാഹുലിനെയും കണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും റാവുത്ത് പ്രതികരിച്ചു.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവിറങ്ങിയതിനു ശേഷം ആദ്യമായാണ് രാഹുൽ പാർലമെന്റിലെത്തുന്നത്. പാർലമെന്റിലെ കോൺഗ്രസ് ഓഫിസിൽ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്നലെ 19 പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. നിലവിലെ ഐക്യം പാർലമെന്റിനു പുറത്തേക്കും വ്യാപിപ്പിക്കണമെന്നു വിവിധ കക്ഷികൾ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here