പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി സേവാഗ്; ബിസിസിഐ സെക്രട്ടറിയുടെ ആവശ്യവും വെളിപ്പെടുത്തി താരം

0


മുംബൈ: കുംബ്ലെ സ്ഥാനമൊഴിഞ്ഞപ്പോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയവരിൽ സെവാഗും ഉണ്ടായിരുന്നു.ഇത്തരം കാര്യങ്ങളിലൊന്നും പൊതുവേ താൽപ്പര്യം പ്രകടപ്പിക്കാത്ത സെവാഗ് അപേക്ഷ നൽകിയത് തന്നെ ആരാധകരിൽ കൗതുകമുണർത്തിയിരുന്നു.എന്നാൽ ഇപ്പോഴിത ആ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സെവാഗ്.കോഹ്ലി ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ അപേക്ഷ സമർപ്പിച്ചതെന്നാണ് വിരേന്ദർ സെവാഗ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞ സമയത്തായിരുന്നു കോലി ഇപ്രകാരം ആവശ്യപ്പെട്ടതെന്നും സെവാഗ് പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അന്ന് ടീം നായകനായിരുന്ന വിരാട് കോലിയും ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സെവാഗ് പറഞ്ഞു. അവർ പറഞ്ഞിരുന്നില്ലെങ്കിൽ താൻ അപേക്ഷിക്കുമായിരുന്നില്ല. ചൗധരിയുമായി താൻ ചർച്ച നടത്തിയിരുന്നു. കോലിയും കുംബ്ലെയും യോജിച്ചു പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു എന്നും സെവാഗ് വിശദീകരിച്ചു.

കുംബ്ലെയുടെ കരാർ ചാമ്പ്യൻസ് ട്രോഫിയോടെ പൂർത്തിയാവുമെന്നും അതിനുശേഷം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം പോകാൻ ചൗധരി ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത്.ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാത്തതിൽ നിരാശയില്ലെന്നും നേടിയ കാര്യങ്ങളിൽ സംതൃപ്തനാണെന്നും സെവാഗ് പറഞ്ഞു. നജഫ്ഗഡിലെ ചെറിയൊരു കർഷക കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ഇന്ത്യക്കായി കളിക്കാനായത് തന്നെ വലിയ കാര്യമാണ്. ഇന്ത്യക്കായി കളിക്കാനും ആരാധകരുടെ സ്‌നേഹം നേടാനാും കഴിഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റനായിരുന്നെങ്കിലും ഇതേ സ്‌നേഹം തന്നെയാണ് തനിക്ക് കിട്ടുകയെന്നും സെവാഗ് പറഞ്ഞു. 2017ൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ ശേഷം പകരക്കാരനെ തെരഞ്ഞെടുക്കാൻ നടത്തിയ അഭിമുഖത്തിൽ സെവാഗും പങ്കെടുത്തുവെങ്കിലും രവി ശാസ്ത്രിയെ ആണ് സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി തെരഞ്ഞെടുത്തത്.ശാസ്ത്രിയെ പരിശീലകനാക്കുന്നതിൽ ഗാംഗുലിക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും കോലിയുടെ നിർബന്ധത്തിന് വഴങ്ങി ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.

2016ൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ കുംബ്ലെക്ക് വിരാട് കോലിയുമായും ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രാജിവെക്കേണ്ടിവന്നിരുന്നു.കളിക്കാരോട് കുംബ്ലെ ഹെഡ്‌മാസ്റ്ററെ പോലെ പെരുമാറുന്നു എന്നായിരുന്നു കോലി അടക്കമുള്ള താരങ്ങളുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here