പഴുവില്‍ സദാചാരകൊലപാതകം: ഒരു പ്രതികൂടി പിടിയില്‍

0


തൃശൂര്‍: ചിറയ്‌ക്കല്‍ പഴുവില്‍ നടന്ന സദാചാര കൊലപാതകത്തിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ടുപങ്കാളിയായ ചിറയ്‌ക്കല്‍ പത്താംകല്ല്‌ സ്വദേശി കറപ്പം വീട്ടില്‍ അനസ്‌(28) ആണ്‌അറസ്‌റ്റിലായത്‌. ഇതോടെ മുഖ്യപ്രതികളായ അഞ്ചുപേര്‍ പിടിയിലായി. പ്രതികള്‍ക്ക്‌ ഒളിവില്‍ പോകാന്‍ സാമ്പത്തികസഹായമുള്‍പ്പെടെ നല്‍കിയ മൂന്നു പേരെ നേരത്തെ അറസ്‌റ്റു ചെയ്‌തു. മൊത്തം എട്ടുപേര്‍ അറസ്‌റ്റിലായി. ഇനിയും അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്‌. സഹറിനെ ക്രൂരമായി മര്‍ദിച്ച ശേഷം നാടുവിട്ട അനസ്‌ ഹരിദ്വാറില്‍ ഒളിവിലായിരുന്നു. നാട്ടിലേക്കു മടങ്ങുന്നതിനിടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോഴാണ്‌ കുടുങ്ങിയത്‌. പ്രതികള്‍ക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. അനസ്‌ നാട്ടിലേക്കു മടങ്ങുന്നതായി അന്വേഷണസംഘത്തിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്‌ അറസ്‌റ്റിനുള്ള സംവിധാനവുമൊരുക്കി. വിമാനത്താവളത്തില്‍ ഇറങ്ങിയെത്തിയ അനസിനെ ചേര്‍പ്പ്‌ പോലീസ്‌ എസ്‌.എച്ച്‌.ഒ: സന്ദീപ്‌ അറസ്‌റ്റുചെയ്‌തു.

കേസില്‍ നേരിട്ട്‌ ബന്ധമുള്ള പ്രതികളായ ചേര്‍പ്പ്‌ സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്‌ജന്‍, സുഹൈല്‍ എന്നിവരെ ഈയിടെ ഉത്തരാഖണ്ഡില്‍ നിന്നുമാണ്‌ അറസ്‌റ്റുചെയ്‌തത്‌. ചിറയ്‌ക്കല്‍ കോട്ടം നിവാസികളായ വിജിത്‌, വിഷ്‌ണു ഡിനോണ്‍, രാഹുല്‍, അഭിലാഷ്‌, മൂര്‍ക്കനാട്‌ സ്വദേശി ജിഞ്ചു എന്നിവരെയാണ്‌ പോലീസ്‌ തെരയുന്നത്‌. രാഹുല്‍ വിദേശത്തേക്കു കടന്നു. രാഹുലിന്‌ സഹറിനോടുണ്ടായ പ്രണയപ്പകയാണ്‌ കൊലപാതകത്തിനു കാരണമെന്നാണ്‌ കേസ്‌. ഫെബ്രുവരി 18 ന്‌ വനിതാസുഹൃത്തിന്റെ വസതിയില്‍ എത്തിയ സഹറിനെ സംഘം ചേര്‍ന്ന്‌ ആക്രമിക്കുകയായിരുന്നു. ചവിട്ടിയും വലിച്ചിഴച്ചും ക്രൂരമര്‍ദനമാണ്‌ നടത്തിയത്‌. ആന്തരികായവങ്ങള്‍ തകര്‍ന്നാണ്‌ സഹര്‍ മരിച്ചതെന്നാണ്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. പരുക്കേറ്റ സഹറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയിരുന്നു. കഴിഞ്ഞ ഏഴിനാണ്‌ മരിച്ചത്‌.

കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചേര്‍പ്പ്‌ സ്വദേശികളായ ഫൈസല്‍, സുഹൈല്‍, നവീന്‍ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തു. അതിനിടെ പോലീസ്‌ അന്വേഷണത്തില്‍ അലംഭാവം കാട്ടിയെന്ന പരാതിയുമായി സഹറിന്റെ കുടുബം രംഗത്തുവന്നു. സഹറിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ്‌ നിര്‍ണായകമായത്‌. ഇതോടെ പോലീസ്‌ നടപടികളിലേക്കു കടന്നു.

Leave a Reply