‘മിന്നല്‍ മച്ചാനും’ കൂട്ടാളികളും പിടിയില്‍, നൈറ്റ്‌ റൈഡേഴ്‌സ്‌ ടാസ്‌ക്‌ ടീം അംഗം ; ആഡംബര ബൈക്കില്‍ അതിവേഗം മയക്കുമരുന്ന്‌ കൈമാറി പായും ടീം

0


കൊച്ചി: എറണാകുളം നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധയില്‍ മയക്കുമരുന്നുമായി നാല്‌ യുവാക്കള്‍ പിടിയിലായി. എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തി വന്നിരുന്ന കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ നിലംബം, വടക്കയില്‍ വീട്ടില്‍ ഷാന്‍ മുഹമ്മദ്‌ ഷെരീഫ്‌ (27), ഇടുക്കി ഉടുമ്പഞ്ചോല താലൂക്കില്‍ കാറ്റടിക്കവല ദേശത്ത്‌ നാട്ടുവാതില്‍ വീട്ടില്‍ നന്ദു.എസ്‌.ആനന്ദ്‌ (മിന്നല്‍ മച്ചാന്‍-24), മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം വില്ലേജ്‌ പുളിഞ്ചോട്‌, കണിപ്ലാക്കല്‍ വീട്ടില്‍ ആലിഫ്‌ മുഹമ്മദ്‌ സൈഫുദ്ദീന്‍(26), തൃശൂര്‍ വൈലത്തൂര്‍, തലക്കോട്ടൂര്‍ വീട്ടില്‍ ഫിനു ജോണ്‍സന്‍ (26) എന്നിവരാണ്‌ എറണാകുളം സിറ്റി എക്‌സൈസ്‌ റേഞ്ചിന്റെ പിടിയിലായത്‌. ഇവരില്‍ നിന്നും 17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

എറണാകുളം ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കലൂര്‍ സ്‌റ്റേഡിയം പരിസരത്ത്‌ നിന്നുമാണ്‌ ഷാന്‍ മുഹമ്മദ്‌ ഷെരീഫ്‌ എം.ഡി.എം.എയുമായി പിടിയിലായത്‌. എറണാകുളം ടൗണില്‍ 12 ലക്ഷത്തോളം വിലവരുന്ന ആഡംബര ബൈക്കില്‍ കറങ്ങി നടന്ന്‌ ആവശ്യക്കാര്‍ക്ക്‌ മയക്കുമരുന്ന്‌ കൈമാറി അതിവേഗം പായുന്ന മിന്നല്‍ മച്ചാന്‍ ഉള്‍പ്പെട്ട നൈറ്റ്‌ റൈഡേഴ്‌സ്‌ ടാസ്‌ക്‌ ടീം എന്ന മയക്ക്‌ മരുന്ന്‌ സംഘത്തിലെ അംഗമാണ്‌ ഷാന്‍ മുഹമ്മദ്‌ ഷെരീഫ്‌ എന്ന്‌ എക്‌സൈസ്‌ സംഘത്തിന്‌ മനസിലായി. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഫിനു ജോണ്‍സന്‍, നന്ദു.എസ്‌.ആനന്ദ്‌ എന്ന മിന്നല്‍ മച്ചാന്‍ എന്നിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന്‌ സമീപത്തു നിന്നും ആലീഫിനെ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിന്‌ സമീപത്ത്‌ നിന്നുമാണ്‌ പിടികൂടിയത്‌.

മിന്നല്‍ മച്ചാനെക്കുറിച്ച്‌ നേരത്തെ സൂചന എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ ലഭിച്ചിരുന്നു. എന്നാള്‍ സൂപ്പര്‍ ബൈക്കില്‍ വളരെ അപകടകരമായ രീതിയില്‍ കുതിച്ചു പായുന്ന ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിടിക്കപ്പെടുമ്പോള്‍ മാരകലഹരിലായിരുന്ന ഇവരെ നാട്ടുകാരുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ്‌ എക്‌സൈസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ഇവര്‍ മയക്കുമരുന്ന്‌ വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സൂപ്പര്‍ ബൈക്കും രണ്ട്‌ ന്യൂജനറേഷന്‍ ബൈക്കുകളും എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു.

ഗ്രാമിന്‌ 4000 മുതല്‍ 6000 രൂപ വരെയുള്ള നിരക്കിലാണ്‌ ഇവര്‍ എം.ഡി.എം.എ. വില്‍പ്പന നടത്തി വന്നിരുന്നത്‌. എറണാകുളം റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എം.എസ്‌. ഹനീഫ, ഇന്റലിജന്‍സ്‌ പ്രിവന്റീവ്‌ ഓഫീസര്‍ എന്‍.ജി. അജിത്‌കുമാര്‍, എസ്‌.സുരേഷ്‌ കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി.ടോമി, സി.ഇ.ഒ. ഫ്രെഡി ഫര്‍ണാണ്ടസ്‌, എ.സിയാദ്‌, ഡി.ജി. ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply