നഗരമധ്യത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം ; കോട്ടയം സ്വദേശി സന്തോഷ്‌ അന്തര്‍ സംസ്‌ഥാന പെണ്‍വാണിഭ സംഘത്തിലെ കണ്ണി

0


തൊടുപുഴ: നഗരമധ്യത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ്‌ അന്തര്‍ സംസ്‌ഥാന പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്നു പോലീസ്‌. അനാശാസ്യകേന്ദ്രത്തിന്‌ പിന്നിലുള്ള സന്തോഷിന്റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. നിരവധി ഡേറ്റിങ്‌ സൈറ്റുകള്‍ വഴി ടൂറിസത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി.

തൊടുപുഴയിലെ “ലാവ”യെന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന മസാജിങ്ങും മറ്റ്‌ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ആദ്യം ലാവയുടെ ഉടമയായ കോട്ടയം സ്വദേശി ടി.കെ. സന്തോഷിന്റെ വിവരങ്ങളാണ്‌ ശേഖരിച്ചത്‌. ബ്യൂട്ടി പാര്‍ലറില്‍നിന്നു കിട്ടിയ രേഖകളും പിടിയിലായ അഞ്ചു പേരും നല്‍കിയ മൊഴിയും അന്വേഷണസംഘം പരിശോധിച്ചു. റെയ്‌ഡിനിടെ സ്‌ഥാപനത്തില്‍ നടക്കുന്ന പോലീസിന്റെ നീക്കങ്ങള്‍ ഉടമ മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ച രഹസ്യക്യാമറായിലൂടെ നേരിട്ട്‌ കണ്ടതായും പോലീസ്‌ സൂചിപ്പിച്ചു.

സ്‌ഥാപനത്തില്‍ വിവിധയിടങ്ങളിലായി സ്‌ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറയില്‍നിന്നും ബാങ്ക്‌ അക്കൗണ്ട്‌ ബാര്‍ കോഡില്‍നിന്നും സ്‌ഥിരം ഇടപാടുകാരെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പോലീസ്‌ ശേഖരിച്ചത്‌. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മസാജിങ്‌ സെന്റര്‍ നടത്തിയിരുന്ന “ലാവ” സംസ്‌ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഖലയുടെ ഒരു കണ്ണിയാണെന്നു പോലീസ്‌ പറഞ്ഞു.

എറണാകുളം മൂവാറ്റുപുഴ, പത്തനംതിട്ട, തിരുവല്ല, കോഴിക്കോട്‌ നടക്കാവ്‌ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ വിവിധ സ്‌ഥലങ്ങളില്‍ പല പേരുകളിലായി മസാജിങ്‌ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃഖലയാണ്‌ ഇതെന്ന്‌ പോലീസ്‌ കണ്ടെത്തി. സോഷ്യല്‍ മീഡിയ വഴിയും വിവിധ ഡേറ്റിങ്‌ ആപ്പുകള്‍ മുഖനേയുമാണ്‌ ഇടപാടുകാരെ കണ്ടെത്തുന്നതെന്നും പോലീസ്‌ പറഞ്ഞു.

സ്‌ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച്‌ കൈമാറാനും ശൃഖലയില്‍ ആളുകളുണ്ടെന്ന്‌ അറസ്‌റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. കൂടുതല്‍ തെളിലുകള്‍ ലഭിക്കാന്‍ ലാവയുടെ ഉടമ ടി.കെ സന്തോഷിനെ കസ്‌റ്റഡിയിലെടുക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. സന്തോഷ്‌ ഒളിവിലാണെന്ന്‌ പോലീസ്‌ സൂചിപ്പിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും വ്യക്‌തത ലഭിച്ചിട്ടില്ല. ഇയാളെ പിടികൂടിയാല്‍ കുടുതല്‍ ആളുകള്‍ കുരുക്കിലാകുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരുടെ പ്രതീക്ഷ. മറ്റ്‌ സ്‌ഥാപന ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here