കുട്ടികള്‍ പഠിക്കട്ടെ , സ്‌കൂളില്‍ രാവിലെ വന്ന്‌ പരീക്ഷയ്‌ക്ക്‌ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്‌ ബാലാവകാശ കമ്മിഷന്‍

0

തിരുവനന്തപുരം: ഒന്ന്‌ മുതല്‍ ഒമ്പത്‌ വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ രാവിലെ വന്ന്‌ പരീക്ഷയ്‌ക്ക്‌ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്‌ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്‌.

പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടറോട്‌ ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക്‌ വെയില്‍ ശക്‌തി പ്രാപിക്കുന്നതിന്‌ മുമ്പ്‌ സ്‌കൂളുകളില്‍ എത്തി പരീക്ഷയ്‌ക്ക്‌ പഠിക്കുന്നതിന്‌ സൗകര്യമൊരുക്കുന്നത്‌ ഗുണകരമായിരിക്കും. മുഴുവന്‍ സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉളളതുകൊണ്ട്‌ ഇത്തരം സൗകര്യമൊരുക്കാന്‍ പ്രയാസമുണ്ടാകില്ല എന്നും കമ്മിഷന്‍ വിലയിരുത്തി.
സംസ്‌ഥാനത്തെ എല്‍.പി. – യു.പി. ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം ഇതുവരെ രാവിലെയായിരുന്നു. വേനല്‍ ചൂട്‌ 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ ഉച്ചയ്‌ക്ക്‌ ശേഷമുള്ള പരീക്ഷാ സമയക്രമം എല്‍.പി ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ പരീക്ഷാ സമയംക്രമം മാറ്റുന്നതിന്‌ കമ്മീഷന്‍ ഇടപെടണമെന്ന്‌ കോഴിക്കോട്‌ നിവാസികളുടെ പരാതി പരിഗണിച്ചാണ്‌ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്‌കുമാര്‍, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷന്‍ ബഞ്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കമ്മിഷന്റെ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട്‌ 30 ദിവസത്തിനകം ലഭ്യമാക്കാനും നിര്‍ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here