രണ്ടുവയസ്സ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ഉപയോഗിച്ചും സ്വർണക്കടത്ത്; കാസർകോട് സ്വദേശി അറസ്റ്റിൽ

0

രണ്ടുവയസ്സ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ഉപയോഗിച്ചും വിദേശത്തുനിന്ന് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ദുബായിൽ നിന്നും എത്തിയ യുവാവിനെ അറസ്റ്റു ചെയ്തത്. കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് കടത്താൻ ശ്രമിച്ചത്.

പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിൽനിന്നാണ് സ്‌കാനിങിനിടെ സ്വർണം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തി.

പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരും. കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണവും പിടിച്ചു.

സ്വർണ്ണക്കടത്തിന് വ്യത്യസ്തമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ കാരിയർമാർ ശ്രമിക്കുന്നത്. ഇവിടെ നിന്നും ഫെബ്രുവരി മാസം 16മുതൽ 28 വരെയുള്ള കാലയളവിൽ 1.08 കോടി രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

കടത്തുന്നതിനായി സ്വീകരിച്ച വിവിധ കടത്ത് രീതികളുടെ പടങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വസ്ത്രങ്ങൾ, പല്ലിന്റെ പോടുകൾ, പാദങ്ങൾ,ശരീര രഹസ്യ ഭാഗങ്ങൾ തുടങ്ങിയ പുരുഷ, സ്ത്രീ യാത്രക്കാർ സ്വർണക്കടത്തിന് ഉപയോഗിച്ചു.

ഒരു സ്ത്രീയിൽ നിന്നും ആറ് പുരുഷന്മാരിൽ നിന്നുമാണിത്രയും സ്വർണം പിടിച്ചെടുത്തത്. പുതിയ സാഹചര്യത്തിൽ പരിശോധന രീതികൾ കർശനമാക്കാനാണ് കസ്റ്റംസ് നീക്കം.

Leave a Reply