ട്രെയിനില്‍ മദ്യം നല്‍കി പീഡനം; യുവസൈനികന്‍ അറസ്‌റ്റില്‍

0


ആലപ്പുഴ: ട്രെയിനില്‍ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സൈനികന്‍ അറസ്‌റ്റില്‍. പത്തനംതിട്ട തിരുവല്ല കടപ്ര നിരണം പ്രതീഷ്‌ ഭവനില്‍ പ്രതീഷ്‌ കുമാറി(31)നെയാണ്‌ ആലപ്പുഴ റെയിവേ പോലീസ്‌ പിടികൂടിയത്‌. മണിപ്പാല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനിയാണ്‌ പരാതിക്കാരി.
രാജധാനി എക്‌സ്‌പ്രസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവമെന്നാണ്‌ യുവതി മൊഴി നല്‍കിയത്‌. യുവതി തിരുവനന്തപുരത്തേക്ക്‌ മടങ്ങുകയായിരുന്നു. ജമ്മു കശ്‌മീരില്‍ സൈനികനായ പ്രതീഷ്‌ ഡല്‍ഹിയില്‍ നിന്നാണ്‌ യുവതി സഞ്ചരിച്ച രാജധാനി എക്‌സ്പ്രസിലെ ബി വണ്‍ കോച്ചില്‍ കയറിയത്‌. യാത്രയ്‌ക്കിടയില്‍ സൗഹൃദം സ്‌ഥാപിക്കുകയും തുടര്‍ന്ന്‌ നിര്‍ബന്ധിച്ച്‌ മദ്യം കഴിപ്പിച്ച്‌ പാതി മയക്കത്തിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ്‌ പരാതി. പ്രതി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിച്ച്‌ ഇറങ്ങി.
തിരുവനന്തപുരത്ത്‌ ട്രെയിനിറങ്ങിയ യുവതിയെ മദ്യലഹരിയിലാണ്‌ വീട്ടുകാര്‍ കണ്ടത്‌. തുടര്‍ന്ന്‌ തിരുവനന്തപുരം റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പരാതി ഉടന്‍ ആലപ്പുഴയിലേക്ക്‌ കൈമാറുകയും ചെയ്‌തു. ബലാത്സംഗത്തിന്‌ കേസെടുത്ത റെയില്‍വേ പോലീസ്‌ മേധാവി കെ.എസ്‌ ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘം വിശദമായ അന്വേഷണത്തിന്‌ ശേഷം ഇന്നലെ രാത്രി വീട്ടിലെത്തി പ്രതീഷ്‌ കുമാറിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply