ജാഥ എത്തും മുമ്പേ വിവാദം , അനീഷ്‌ രാജന്‍ കൊലക്കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി ഓഫീസ്‌ സെക്രട്ടറി

0


നെടുങ്കണ്ടം: അനീഷ്‌ രാജന്‍ കൊലക്കേസില്‍ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി സി.പി.എം. നെടുങ്കണ്ടം ഏരിയ കമ്മിറ്റി ഓഫിസ്‌ സെക്രട്ടറി. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തെ പ്രതിക്കൂട്ടിലാക്കിയാണ്‌ ഓഫീസ്‌ സെക്രട്ടറി എ.എന്‍. സാരഥിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്നലെ നെടുങ്കണ്ടത്ത്‌ എത്തുന്നതിന്‌ മണിക്കൂറുകള്‍ മുമ്പാണ്‌ വിവാദം കത്തിയത്‌.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇങ്ങനെ: “അനീഷ്‌ രാജന്റെ യഥാര്‍ഥ കൊലപാതകി അറക്കല്‍പറമ്പില്‍ രൂപേഷോ, എം.എ. സിറാജുദിനോ ?, സഖാവ്‌ അനിഷ്‌ രാജന്റെ പേരില്‍ ഡി.വൈ.എഫ്‌.ഐ. ജില്ല കമ്മിറ്റി നെടുങ്കണ്ടത്ത്‌ സ്‌ഥാപിച്ച ലൈബ്രറി ഇന്ന്‌ നെടുങ്കണ്ടത്ത്‌ ഉണ്ടോ? ഇല്ല. 13,000 പുസ്‌തകങ്ങള്‍ എവിടെ?”

2012 മാര്‍ച്ച്‌ 18ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണു എസ്‌.എഫ്‌.ഐ. ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കല്ലാര്‍ വളളാംതടത്തില്‍ അനീഷ്‌ രാജന്‍ (25) കുത്തേറ്റു മരിച്ചത്‌. സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മാവടി എട്ടുമുക്ക്‌ അറയ്‌ക്കപറമ്പില്‍ അഭിലാഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അഭിലാഷിന്റെ സഹോദരന്‍ രൂപേഷി(30)ന്‌ സംഘട്ടനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. രൂപേഷ്‌ രണ്ടാം പ്രതിയാണ്‌.
നെടുങ്കണ്ടം മഞ്ഞപെട്ടിക്കു സമീപം കാമാക്ഷിവിലാസത്തുവച്ച്‌ അനീഷിന്റെ ഇടതുതുടയില്‍ കുത്തേല്‍ക്കുകയായിരുന്നു. നെടുങ്കണ്ടത്ത്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതാണു മരണകാരണമെന്നും അന്നേ ആരോപണം അന്നേ ഉയര്‍ന്നിരുന്നു. കാമാക്ഷിവിലാസത്ത്‌ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട്‌ സ്വദേശിയുടെ കടയില്‍വച്ച്‌ കോണ്‍ഗ്രസ്‌-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ്‌ കത്തിക്കുത്തില്‍ കലാശിച്ചത്‌.
എസ്‌.എഫ്‌.ഐ. നെടുങ്കണ്ടം ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അനീഷ്‌ നെടുങ്കണ്ടം സര്‍വീസ്‌ സഹകരണ ബാങ്കിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു.
എം.വി. ഗോവിന്ദന്‍ നയിച്ച ജാഥ ജില്ലയിലെത്തിയ ദിവസം ഉത്തരവാദിത്വസ്‌ഥാനം വഹിക്കുന്നവരില്‍ നിന്നു വിവാദ പരമാര്‍ശമുണ്ടായതില്‍ നേതൃത്വത്തിന്‌ അമര്‍ഷമുണ്ട്‌. ഏരിയ കമ്മിറ്റി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടന്ന വിവാദത്തില്‍ പ്രാദേശിക നേതൃത്വം അങ്കലാപ്പിലാണ്‌. സാരഥിക്ക്‌ ഓഫീസ്‌ സെക്രട്ടറിയുടെ ചുമതല ഇല്ലെന്നും ഏരിയ കമ്മിറ്റി പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറി യോഗത്തില്‍ രക്‌തസാക്ഷി അനീഷ്‌ രാജന്റെ മാതാപിതാക്കളെ ആദരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here