മാലിന്യ സംസ്‌കരണം: കൃത്യമായ സംവിധാനം ഉണ്ടാകണമെന്നു ഹൈക്കോടതി

0


കൊച്ചി: മാലിന്യസംസ്‌കരണത്തിനു കൃത്യമായ സംവിധാനമുണ്ടാകണമെന്നു ഹൈക്കോടതി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്‌ക്കും പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷകര്‍ എന്ന നിലയ്‌ക്കുമാണ്‌ സ്വമേധയാ കേസെടുത്തതെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്‌. എന്നാല്‍ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്മാര്‍ക്കു നഷ്‌ടമാകുന്നു. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്‌ ഈ സാഹചര്യത്തിലാണ്‌. പൊതുജന താല്‍പര്യത്തിനാണു പ്രഥമ പരിഗണനയെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂണ്‍ ആറുവരെയുളള ആക്‌ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചു. കേരളം മുഴുവന്‍ ഒരു നഗരമായാണു കണക്കാക്കേണ്ടതെന്നും നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ്‌ ഉദ്ദേശ്യമെന്നും കോടതി പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്തു യോഗം വിളിച്ചിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉടന്‍ വേണ്ടതും ദീര്‍ഘകാലത്തേക്ക്‌ ആവശ്യമുള്ളതുമായ പദ്ധതി വേണമെന്നും കോടതി വ്യക്‌തമാക്കി. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുന്നതുകൊണ്ട്‌ ആവില്ലെന്നും ശാശ്വത പരിഹാരമാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. സോളിഡ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ നിയമങ്ങള്‍ എന്തൊക്കെയെന്നു പരിശോധിക്കണമെന്ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയോടു കോടതി നിര്‍ദ്ദേശിച്ചു. സംസ്‌ഥാനത്താകെ മാലിന്യസംസ്‌കാരണത്തിന്‌ കൃത്യമായ സംവിധാനമുണ്ടാകണം. ഉറവിടത്തില്‍ത്തന്നെ മാലിന്യം വേര്‍തിരിക്കാനുളള സംവിധാനം സര്‍ക്കാര്‍ ശക്‌തമാക്കിയേ പറ്റൂ. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരേയും ശക്‌തമായ നടപടി വേണമെന്ന്‌ കോടതി വ്യക്‌തമാക്കി. വീട്ടുപടിക്കലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന്‌ തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയാണ്‌ ആവശ്യമെന്നും യുദ്ധകാലാടിസ്‌ഥാനത്തിലുളള നടപടികളാണ്‌ ശാസ്‌ത്രീയ മാലിന്യനിര്‍മാജനത്തിനു വേണ്ടതെന്നും കോടതി പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ബ്രഹ്‌മപുരത്ത്‌ വീണ്ടും തീയുണ്ടായെന്നും എല്ലാം നിയന്ത്രണത്തിലായെന്നും വീണ്ടും തീപിടിച്ചാല്‍ ഉടന്‍ കെടുത്താനാകുമെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.
ജില്ലാ കലക്‌ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിയടക്കമുളളവര്‍ കോടതിയില്‍ ഹാജരായി. പൊതുജനങ്ങള്‍ക്ക്‌ എന്തു നിര്‍ദേശങ്ങളാണ്‌ ജില്ലാ കലക്‌ടര്‍ നല്‍കിയതെന്നു കോടതി ചോദിച്ചു. ആരോഗ്യപ്രശ്‌നങ്ങളുളളവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്നു നിര്‍ദേശിച്ചതായി കലക്‌ടര്‍ മറുപടി നല്‍കി. എല്ലാക്കാര്യങ്ങളിലും കലക്‌ടര്‍ക്ക്‌ പൂര്‍ണ അറിവുണ്ടാകണമെന്നു പറയുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ വിദഗ്‌ധോപദേശം തേടി തീരുമാനങ്ങള്‍ എടുക്കുന്നതാണ്‌ ഉചിതമെന്നും കോടതി വ്യക്‌തമാക്കി. തീപിടിത്തത്തിനു മൂന്നുദിവസം മുന്‍പുതന്നെ കോര്‍പറേഷനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. ചൂട്‌ കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന നിര്‍ദേശം കോര്‍പ്പറേഷനു നല്‍കിയിരുന്നു. ഇന്ന്‌ വിശദമായ റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ സമര്‍പ്പിക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply