ചൂട്‌ കൂടിയതോടെ ചില്‍ഡ്‌ ബിയറിന്‌ ആവശ്യക്കാരേറി, വില്‍പ്പനയും കൂടി

0


തിരുവനന്തപുരം: വേനല്‍ ശക്‌തമായതോടെ സംസ്‌ഥാനത്ത്‌ ബിയര്‍ വില്‍പ്പനയും റെക്കോഡിലേക്ക്‌്. കൊടും ചൂടില്‍നിന്ന്‌ രക്ഷനേടാനായി ബിയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നുവെന്നാണ്‌ കണക്കുകള്‍ നല്‍കുന്ന സൂചന. പ്രതിദിനം പതിനായിരം കെയ്‌സിന്റെ വരെ അധികവില്‍പ്പന നടക്കുന്നുവെന്നാണ്‌ ബെവ്‌കോയില്‍ നിന്ന്‌ ലഭിക്കുന്ന വിവരം.
ഇതിന്‌ പുറമെ ബെവ്‌കോ വഴിയല്ലാതെ വില്‍ക്കുന്ന വിദേശത്തുനിന്നു വരുന്നവ ഉള്‍പ്പെടെയുള്ള ലഘു ബിവ്‌റേജസുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്‌. വേനല്‍കാലത്ത്‌ ബിയറിന്റെ അമിത ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നുണ്ടെങ്കിലും അതിനൊന്നും ആരും ചെവികൊടുത്തിട്ടില്ലെന്നതാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
ചൂടു കൂടിയ സമയത്തുള്ള ബിയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ ഇതൊന്നും വില്‍പനയെ ബാധിക്കുന്നില്ല. ഉരുകുന്ന ചൂട്‌ കൂടിയതോടെ തണുക്കാന്‍ ബിയറില്‍ അഭയം തേടിവരുടെ എണ്ണം കൂടിയതോടെയാണ്‌ ബിയര്‍ വില്‍പന കുതിച്ചുയര്‍ന്നതെന്നാണ്‌ ബെവ്‌കോ വാദം. കഴിഞ്ഞ ഒരാഴ്‌ച മാത്രം ശരാശരി വില്‍പനയെക്കാള്‍ പതിനായിരം കെയ്‌സുവരെ അധികമാണ്‌ ബിയര്‍ വില്‍പ്പന. മാര്‍ച്ച്‌ രണ്ടിന്‌ 6000 കെയ്‌സാണ്‌ അധിക വില്‍പ്പനയെങ്കില്‍ മാര്‍ച്‌ ഒമ്പത്‌ ആയപ്പോള്‍ 12000 ആയി ഉയര്‍ന്നു. മദ്യവില്‍പന കൂടി നിന്നപ്പോഴൊക്കെ പലപ്പോഴും ബിയറിന്‌ ആവശ്യക്കാര്‍ കുറവായിരുന്നു.
ബാറുകളിലാണ്‌ കൂടുതല്‍ വില്‍പ്പന നടക്കുന്നത്‌. വില്‍പ്പന കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ബിയര്‍ സ്‌റ്റോക്ക്‌ സൂക്ഷിക്കാനാണ്‌ ബിവറേജസ്‌ കോര്‍പറേഷന്‍ എം.ഡിയുടെ നിര്‍ദേശം.
ഇനിയും ചൂട്‌ കൂടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ പ്രവചനം കൂടി വന്നതോടെ വില്‍പ്പന ഇനിയും കൂടുമെന്നാണ്‌ ബെവ്‌കോയുടെ കണക്കൂകൂട്ടല്‍.
അതിനിടെ, വേനല്‍ ചൂട്‌ കടുത്തതോടെ നാടിന്റെ പല ഭാഗങ്ങളിലും ലഘുപാനീയക്കടകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുമുണ്ട്‌.
വേനല്‍ കടുത്തതോടെ ചെറുനാരങ്ങയ്‌ക്കും കേരളത്തില്‍ വലിയതോതില്‍ വില വര്‍ധിച്ചിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കിടെ വിലയില്‍ ഇരട്ടി വര്‍ധനയാണ്‌ ഉണ്ടായത്‌. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ്‌ വിലവര്‍ധനയ്‌ക്കു കാരണം. മൊത്ത വിപണിയില്‍ കിലോഗ്രാമിന്‌ 120 രൂപയാണു വില.
ഒരെണ്ണത്തിന്‌ വലിപ്പമനുസരിച്ച്‌ 6 മുതല്‍ എട്ടു രൂപവരെയാകും. നോമ്പുകാലമാകുന്നതോടെ വില ഇനിയും വര്‍ധിക്കുമെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌.

Leave a Reply