ബ്രഹ്‌മപുരത്തേക്ക്‌ വീണ്ടും മാലിന്യലോറികള്‍; ഇന്നലെ 50 ലോഡ്‌! പ്രതിഷേധം തുടരുന്നു

0


കൊച്ചി: പ്രതിഷേധത്തീ അണയുംമുമ്പേ നഗരമാലിന്യങ്ങളുമായി വീണ്ടും ലോറികള്‍ ബ്രഹ്‌മപുരത്തേക്ക്‌. ഇന്നലെ മാത്രം 50 ലോഡ്‌ മാലിന്യമെത്തിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയ്‌ക്കു പോലീസ്‌ അകമ്പടിയോടെയാണ്‌ പത്തുലോറികള്‍ മാലിന്യവുമായി പോയത്‌. പിന്നാലെ 40 ലോറികള്‍ നിറയെ മാലിന്യം ബ്രഹ്‌മപുരത്ത്‌ എത്തിച്ചു.
തീകെടും മുന്നേ വീണ്ടും മാലിന്യമെത്തിച്ചത്‌ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഇന്നലെ രാവിലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ പ്‌ളാന്റിലേക്ക്‌ എത്തി. ഇവരെ പോലീസ്‌ പിന്തിരിപ്പിച്ചു.
മാലിന്യം നീക്കംചെയ്യാതെ കിടന്നത്‌ കൊച്ചിയെ ദുര്‍ഗന്ധപൂരിതമാക്കിയിരുന്നു. പതിവായി മാലിന്യം നിക്ഷേപിച്ചിരുന്ന ഇടങ്ങളില്‍ മാലിന്യമലകള്‍ രൂപമെടുത്തു. ഫ്‌ളാറ്റുകള്‍, അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടണ്‍കണക്കിനു മാലിന്യമാണ്‌ ഇപ്പോഴും കൊച്ചി നഗരത്തില്‍ കെട്ടിക്കിടക്കുന്നത്‌. ഇവ പൂര്‍ണമായി നീക്കം ചെയ്യാന്‍ ദിവസങ്ങളെടുക്കും.

പ്രതികരണങ്ങള്‍: അഴിമതിക്കു തുടക്കമിട്ടത്‌ യു.ഡി.എഫ്‌. എന്ന്‌ സി.പി.എം.

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിലെ തീപിടിത്തത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത്‌ സി.പി.എമ്മും കോണ്‍ഗ്രസും. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്കു കാരണക്കാര്‍ കോര്‍പറേഷന്‍ ഭരിച്ച മുന്‍ യു.ഡി.എഫ്‌ ഭരണസമിതിയെന്ന്‌ സി.പി.എം.
യു.ഡി.എഫിലെ ടോണി ചമ്മണി മേയറായിരുന്നപ്പോള്‍ മാലിന്യ പ്‌ളാന്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ച്‌ ബന്ധുവിന്റെ ജി.ജെ. ഇക്കോപവര്‍ എന്ന കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌ അഴിമതിയാണെന്ന്‌ സിപി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ആരോപിച്ചു.
ജി.ജെ. ഇക്കോപവറിനുവേണ്ടി മാലിന്യ പ്‌ളാന്റ്‌ തകര്‍ക്കുന്നതിനെതിരേ എല്‍.ഡി.എഫ്‌. കൗണ്‍സിലില്‍ വിയോജനക്കുറിപ്പ്‌ നല്‍കിയിരുന്നു. ജി.ജെ. ഇക്കോപവറിന്‌ 25 ഏക്കര്‍ ഭൂമി പണയം വയ്‌ക്കാന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഉമ്മന്‍ ചാണ്ടിയില്‍നിന്ന്‌ വാങ്ങിയത്‌ ടോണി ചമ്മണിയാണെന്നും സി.പി.എം. ആരോപിച്ചു.
യു.ഡി.എഫ്‌. ഭരണത്തിനിടെ നിരവധി തവണ മാലിന്യത്തിനു തീപിടിച്ചു. അന്ന്‌ മാലിന്യം മണ്ണിട്ടുമൂടിയതുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കേസ്‌ നടന്നുവരികയാണ്‌. പിന്നീട്‌ ഹരിത ട്രിബ്യൂണല്‍ ബയോമൈനിങ്‌ നടത്താന്‍ നഗരസഭയോട്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ എല്‍.ഡി.എഫ്‌. കൗണ്‍സില്‍ ടെന്‍ഡര്‍ വിളിച്ച്‌ ബയോമൈനിങ്‌ നടത്താന്‍ തീരുമാനിച്ചതെന്നും . മോഹനന്‍ ആരോപിച്ചു.

സര്‍ക്കാര്‍ സൃഷ്‌ടിച്ച ദുരന്തം: പ്രകാശ്‌ ജാവ്‌ദേക്കര്‍

തൃശൂര്‍: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനു പിന്നില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതിയാണെന്ന്‌ ബി.ജെ.പി. ദേശീയ വക്‌താവ്‌ പ്രകാശ്‌ ജാവ്‌ദേക്കര്‍. അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ജാവ്‌ദേക്കര്‍.
ബയോമൈനിങ്ങും മാലിന്യ സംസ്‌കരണ പ്ലാന്റും നടപ്പായില്ല. ഇതിന്റെയെല്ലാം പേരില്‍ ബില്ലുകള്‍ പാസാകുന്നുണ്ട്‌. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്ത 25 നഗരങ്ങളില്‍ ഒന്നാണ്‌ കൊച്ചി. നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പദ്ധതിക്കായി 2016 മുതല്‍ കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ എന്തുചെയ്‌തെന്ന്‌ കോര്‍പ്പറേഷന്‍ വ്യക്‌തമാക്കണം. മാരക വിഷവാതകങ്ങളുടെ സാന്നിധ്യം പരിസരത്തുണ്ടെന്ന്‌ സംസ്‌ഥാന മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ച സാഹചര്യത്തിലാണ്‌ കേന്ദ്രസംഘം എത്തിയത്‌.
166 കോടിയുടെ പശ്‌ചിമ കൊച്ചി മലിനജല സംസ്‌കരണ പ്ലാന്റടക്കം കേന്ദ്രസഹായം ലഭിച്ച പദ്ധതികള്‍ ഉപയോഗപ്പെടുത്തി മാലിന്യനിയന്ത്രണത്തിന്‌ എന്തെല്ലാം ചെയ്‌തെന്നറിയാന്‍ താല്‍പ്പര്യമുണ്ട്‌. കരാര്‍ നല്‍കിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട്‌ വിശദീകരിക്കാന്‍ മേയര്‍ തയാറാവണമെന്നും ജാവ്‌ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌, വക്‌താവ്‌ നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.കെ. അനീഷ്‌ കുമാര്‍, ജന. സെക്രട്ടറി ജസ്‌റ്റിന്‍ ജേക്കബ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here