പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് സമാപിച്ചു

0

വൈശാഖ് നെടുമല

ദുബായ് : ദുബായിയിൽ നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) സമാപിച്ചു. മാർച്ച് 6-നാണ് സ്പേസ്ഓപ്സ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടെക്നിക്കൽ ഇന്റർചേഞ്ച് ഫോർ സ്പേസ് മിഷൻ ഓപ്പറേഷൻസ് ആൻഡ് ഗ്രൗണ്ട് ടാറ്റ സിസ്റ്റംസ് എന്നിവർ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

അറബ് മേഖലയിൽ വെച്ച് ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസിൽ, എഴുപത് രാജ്യങ്ങളിൽ നിന്നുള്ള, ബഹിരാകാശശാസ്ത്ര മേഖലയിലെ ആഗോളതലത്തിൽ തന്നെ പ്രശസ്തരായ ആയിരത്തിൽപരം ശാസ്ത്രജ്ഞർ, പ്രതിനിധികൾ, വിദഗ്‌ദ്ധർ തുടങ്ങിയവർ പങ്കെടുത്തു.

നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കൊറിയ എയറോസ്പേസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് ആഫ്രിക്കൻ നാഷണൽ സ്പേസ് ഏജൻസി, ഫ്രഞ്ച് സ്പേസ് അജൻസി, ഇറ്റാലിയൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി മുതലായ ബഹിരാകാശശാസ്ത്ര മേഖലയിലെ ആഗോള ഏജൻസികൾ സ്പേസ്ഓപ്സ് 2023-ൽ പങ്കെടുത്തു. ഇൻവെസ്റ്റ് ഇൻ സ്പേസ് ടു സെർവ് എർത്ത് ആൻഡ് ബിയോണ്ട്’ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ 100-ൽ പരം സെഷനുകൾ അരങ്ങേറി. അമ്പത് രാജ്യങ്ങളിൽ നിന്നായി 550-ൽ പരം പ്രബന്ധരേഖകൾ ഈ സമ്മേളനത്തിൽ സമർപ്പിക്കപ്പെട്ടു.

ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശശാസ്ത്ര സമ്മേളനങ്ങളിലൊന്നാണ് സ്പേസ്ഓപ്സ്. ബഹിരാകാശശാസ്ത്ര മേഖലയിലെ നൂതന സാങ്കേതിവിദ്യകളെക്കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങൾക്കും, സംവാദങ്ങൾക്കും, വർക്ക്ഷോപ്പുകൾക്കും സ്പേസ്ഓപ്സ് 2023 വേദിയായി.

LEAVE A REPLY

Please enter your comment!
Please enter your name here