ഇലക്‌ട്രിക്‌ കടയില്‍ മോഷണം: ഇതര സംസ്‌ഥാനക്കാരായ അഞ്ചുപേര്‍ അറസ്‌റ്റില്‍

0

കായംകുളം: നഗരത്തിലെ ഇലക്‌ട്രിക്‌ കടയില്‍നിന്നും അഞ്ചുലക്ഷം രൂപയുടെ കേബിളുകളും കാമറയും മോഷ്‌ടിച്ച കേസില്‍ അഞ്ചു പേര്‍ അറസ്‌റ്റില്‍. ഇതര സംസ്‌ഥാനക്കാരായ കൊല്‍ക്കത്ത ടില്‍ജ വി.ജി.ജെ ഖാന്‍ റോഡ്‌ 47 സസീംഖാന്‍(32), സൗത്ത്‌ ഡല്‍ഹി ടനൂര്‍ നഗര്‍ ഇന്ദിരാഗാന്ധി ക്യാമ്പ്‌ ഹൗസ്‌ നമ്പര്‍ 419 ല്‍ മുഹമ്മദ്‌ ഇമ്രാന്‍(24), സൗത്ത്‌ ഡല്‍ഹി ഡി.ഡി.എ ഫ്‌ളാറ്റ്‌ സെക്കന്റ്‌ ഫ്‌ളോര്‍ എ 80 ല്‍ മുഹമ്മദ്‌ആരിഫ്‌(28), വെസ്‌റ്റ്‌ ബംഗാള്‍ മുര്‍ഷിദാബാദ്‌ നരേന്ദ്രപുര്‍ ടിങ്കു(34), ബംഗളുരു സൗത്ത്‌ സ്വദേശി അമിജന്‍(53) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ആക്രി പെറുക്കാനെത്തിയപ്പോള്‍ തുറന്നുകിടന്ന ഗോഡൗണ്‍ കണ്ട്‌ കൂട്ടാളികളെ വിളിച്ചുവരുത്തി മോഷണം നടത്തുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. ബാങ്ക്‌ റോഡിലെ ജെ.ആര്‍.കെ ഇലക്‌ട്രിക്കല്‍സ്‌ എന്ന സ്‌ഥാപനത്തിന്റെ ഗോഡൗണില്‍ നിന്നാണ്‌ കേബിളുകളും കാമറയും മോഷ്‌ടിച്ചത്‌. കഴിഞ്ഞ എട്ടിന്‌ പുലര്‍ച്ചെ 2.20 നും 2.45 നും ഇടയിലായിരുന്നു മോഷണം.
ഒന്നാം പ്രതിയായ സസിംഖാന്‍ ആക്രി പെറുക്കാനായി വന്നപ്പോള്‍ കടയുടെ ഗോഡൗണ്‍ തുറന്നു കിടക്കുന്നത്‌ കണ്ട്‌ മറ്റ്‌ പ്രതികളുമായി ചേര്‍ന്ന്‌ സാധനങ്ങള്‍ മോഷണം നടത്തി വാടകയ്‌ക്കെടുത്ത ആപെ വാഹനത്തില്‍ ആദിക്കാട്ടുകുളങ്ങരയിലുള്ള കടയില്‍ വില്‍ക്കുകയായിരുന്നു. കേബിളുകളിലെ ചെമ്പ്‌ കമ്പി കഷണങ്ങളാക്കി മാറ്റിയാണ്‌ വില്‍പന നടത്തിയത്‌. ഡി.വൈ.എസ്‌.പി: അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ: മുഹമ്മദ്‌ഷാഫി, എസ്‌.ഐ.മാരായ ഉദയകുമാര്‍.വി, ശ്രീകുമാര്‍. എം, എ.എസ്‌.ഐ: റീന, സി.പി.ഒമാരായ ദീപക്‌, ഷാജഹാന്‍, അനീഷ്‌, ഫിറോസ്‌, രാജേന്ദ്രന്‍, സുനില്‍കുമാര്‍, ഇയാസ്‌, മണിക്കുട്ടന്‍, സബീഷ്‌, ശിവകുമാര്‍, ജയലക്ഷ്‌മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here