സൈബിയുടെ അടുപ്പക്കാരുടെ സ്വത്ത് ഇ.ഡി. പരിശോധിക്കുന്നു ; ഒരാള്‍ക്ക് ബംഗളൂരുവില്‍ ബ്രുവറിയും പബ്ബും കേരളത്തില്‍ ബാറുകളും; കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന് സംശയം

0

കൊച്ചി: ജഡ്ജിമാര്‍ക്കു കൊടുക്കാനെന്നു പറഞ്ഞ് കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരുമായി അടുപ്പമുള്ള അഭിഭാഷകരുടെ സ്വത്തുവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധിക്കുന്നു.

എട്ട് അഭിഭാഷകരില്‍ നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇവരില്‍ മുവാറ്റുപുഴ സ്വദേശിയായ ഒരാള്‍ക്കു ബംഗളൂരുവില്‍ ബ്രുവറി ഉണ്ടെന്നു ഇ.ഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചു പബ്ബും പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സംസ്ഥാനത്തു പലയിടത്തും ഇദ്ദേഹത്തിനു ബാറുകളുണ്ട്. ബിസിനസുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നത്.

വാഗമണ്ണില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ സൈബിക്കു പങ്കാളിത്തമുണ്ടോ എന്നതും അന്വേഷിക്കുന്നു. റിസോര്‍ട്ടിന്റെ ഭൂമി പരിസ്ഥിതി ലോലപ്രദേശമാണെന്നും രേഖകളില്‍ തിരിമറി നടത്തിയാണു പുറമ്പോക്കു ഭൂമി തരപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ഇതിനായി ആരോപണ വിധേയനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സഹായിച്ചെന്നും സംശയിക്കുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ ഇ.ഡി. പരിശോധിക്കും.

അതേസമയം, പണം വാങ്ങിയെന്ന കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ ചോദ്യം ചെയ്തവരില്‍നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുന്ന കാര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

അന്വേഷണത്തോടു സൈബി സഹകരിക്കുന്നതിനാല്‍, അറസ്റ്റ് ആവശ്യമില്ലെന്നാണു ക്രൈബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍, ഹൈക്കോടതി കര്‍ക്കശനിലപാട് സ്വീകരിക്കുന്നപക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. പരാതിക്കാരുടെയും മറ്റു സാക്ഷികളുടെയും മൊഴിയല്ലാതെ മറ്റു കാര്യമായ തെളിവില്ലെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. പണം വാങ്ങിയതിനു തെളിവുമില്ല. പണം കൊടുത്തവര്‍ പരാതി പറയാനും തയാറല്ല. പരാതി പറഞ്ഞാല്‍, തങ്ങളും കുടുങ്ങുമെന്ന ആശങ്കയാണു കാരണം.

കേസിന്റെ എഫ്.ഐ.ആര്‍. അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണു സൈബിയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സൈബിക്കെതിരേ പോലീസ് കേസെടുത്ത്. പിന്നീട് അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറി.

Leave a Reply