കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും

0

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. അമിത് ഷാ ജനത്തെ വ്യക്തിഹത്യ നടത്തുകയാണ്. അമിത് ഷായുടെ പ്രസ്താവനയിൽ യുഡിഎഫ് മൗനം പാലിക്കുന്നു. കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും റിയാസ് കുറ്റപ്പെടുത്തി.

കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമർശം. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ..’ എന്ന് കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്ന പരാമർശത്തിനോട് ചേർത്ത് അമിത് ഷാ പറഞ്ഞിരുന്നു.

അമിത്ഷായുടെ പരാമർശത്തിനെതിരെ ഇന്നലെ മുഖ്യമന്ത്രിയും രംഗത്തുവന്നിരുന്നു. എന്താണ് കേരളത്തെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളതെന്ന ചോദ്യവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്, മതനിരപേക്ഷ ചിന്തയോടെ ജനങ്ങൾ താമസിക്കുന്ന നാടാണ് കേരളം. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അർധോക്തിയിൽ പറഞ്ഞ് നിർത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്.

ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങൾ ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാർ വർഗീയ കലാപങ്ങൾക്കും വർഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ അത്തരം നീക്കങ്ങൾ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വർഗീയതയ്‌ക്കെതിരെ ജീവൻ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്തിന് സർവനാശമുണ്ടാകുമെന്നും പിണറായി വിജയൻ വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here