കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കരുതെന്നു പാര്‍ട്ടി നിര്‍ദേശം

0

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരു തരത്തിലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കരുതെന്നു പാര്‍ട്ടി നിര്‍ദേശം. റായ്‌പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഇതടക്കമുള്ള പുതിയ നിയമങ്ങള്‍ പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിയും പ്ലീനറി സമ്മേളനം അംഗീകരിച്ചു.

പ്രവര്‍ത്തര്‍ക്കുള്ള മറ്റു നിര്‍ദേശങ്ങള്‍:
പ്രവര്‍ത്തകര്‍ സാമൂഹിക സേവനത്തിനായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തയാറാകണം. പ്രത്യേകിച്ച്‌ പാവപ്പെട്ടവരുടെ പിന്നോക്കാവസ്‌ഥയിലുള്ളവരുടെയും ക്ഷേമത്തിനു മുന്‍ഗണന നല്‍കണം. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, സമത്വം, ഐക്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണം.
ഭൂപരിധി നിയമങ്ങള്‍ ലംഘിക്കരുത്‌. ഹീനമായ കുറ്റകൃത്യങ്ങളിലോ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടു ശിക്ഷിക്കപ്പെട്ടവരാകരുത്‌.
ഉള്‍പ്പാര്‍ട്ടി വേദികള്‍ വഴിയല്ലാതെ, പാര്‍ട്ടി അംഗീകരിച്ച നയങ്ങളെയും പരിപാടികളെയും പൊതുവേദിയില്‍ വിമര്‍ശിക്കരുത്‌.
ട്രാന്‍സ്‌ജന്‍ഡറുകളോട്‌ വിവേചനം പാടില്ല. അവരെയും നേതൃസ്‌ഥാനത്തേക്ക്‌ പരിഗണിക്കും.

പാര്‍ട്ടി ഭാരവാഹിത്വം
കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 23 ല്‍ നിന്ന്‌ 35 ആയി ഉയര്‍ത്തി.
പാര്‍ട്ടി പദവികളില്‍ 50 ശതമാനം വനിതകള്‍, പട്ടിക ജാതി/പട്ടിക വിഭാഗക്കാര്‍, ന്യൂനപക്ഷം, മറ്റു പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കായി നീക്കിവയ്‌ക്കും. യൂത്ത്‌ കോണ്‍ഗ്രസിലും സംവരണം കൊണ്ടുവരും.
പാര്‍ട്ടിയില്‍ ഡിജിറ്റല്‍ അംഗത്വം കൊണ്ടുവരും. പാര്‍ട്ടി രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കും.
നേതാക്കളുടെ കൂറുമാറ്റം തടയും.
പാര്‍ട്ടി ഭരണഘടനയില്‍ 85 ഭേദഗതികളാണു വരുത്തിയതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സുര്‍ജേവാല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here