നിയമലംഘനം കണ്ടെത്തി; ഒരു ആഡംബര റിസോര്‍ട്ട്‌കൂടി പൊളിക്കുന്നു

0


ആലപ്പുഴ: കാപ്പികോ റിസോര്‍ട്ടിനു പിന്നാലെ, നിയമലംഘനത്തിന്റെ പേരില്‍ ആലപ്പുഴ ജില്ലയില്‍ മറ്റൊരു ആഡംബര റിസോര്‍ട്ട്‌കൂടി പൊളിക്കുന്നു. കായല്‍ കൈയേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ, ചേര്‍ത്തല കോടംതുരുത്തിലെ എമറാള്‍ഡ്‌ പ്രിസ്‌റ്റിനാണ്‌ പൊളിക്കാന്‍ നടപടി തുടങ്ങിയത്‌. ഉളവൈപ്പ്‌ കായലിനു മധ്യേ ഫ്‌ളോട്ടിങ്‌ കോട്ടേജുകള്‍ അടക്കം മുഴുവന്‍ കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണമെന്നാവശ്യപ്പെട്ട്‌ ഉടമകള്‍ക്കു നോട്ടീസ്‌ നല്‍കി.
കോടംതുരുത്ത്‌ വില്ലേജിലെ ഉളവൈപ്പ്‌ കായലിലെ ഒന്നര ഏക്കര്‍ വരുന്ന തുരുത്തില്‍ 2006 ലാണ്‌ എമറാള്‍ഡ്‌ പ്രിസ്‌റ്റിന്‍ എന്ന പേരില്‍ റിസോര്‍ട്ട്‌ നിര്‍മ്മിച്ചത്‌. ഇവിടത്തെ നിര്‍മ്മാണം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നാരോപിച്ചു മത്സ്യത്തൊഴിലാളികളാണ്‌ പരാതിയുമായി രംഗത്തുവന്നത്‌. തീരദേശ പരിപാലന നിയമത്തില്‍ ഷെഡ്യൂള്‍ മൂന്നില്‍ വരുന്ന പ്രദേശമാണിത്‌.
നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ്‌ കോടംതുരുത്ത്‌ പഞ്ചായത്ത്‌ അധികൃതര്‍ റിസോര്‍ട്ടിന്‌ അനുമതി നല്‍കിയതെന്നും പരാതിയിലുണ്ടായിരുന്നു. പ്രതിഷേധം ശക്‌തമായതോടെ പഞ്ചായത്ത്‌ 2018 ല്‍ റിസോര്‍ട്ടിനു സ്‌റ്റോപ്പ്‌ മോമ്മോ നല്‍കി. ഉടമകള്‍ ഹൈക്കോടതിയിലെത്തിയതോടെ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ആലപ്പുഴ ജില്ലാ കലക്‌ടറോടു കോടതി നിര്‍ദ്ദേശിച്ചു. കായല്‍ 15 മീറ്റര്‍ കൈയേറിയാണ്‌ റിസോര്‍ട്ട്‌ നിര്‍മിച്ചതെന്നു പരിശോധനയില്‍ കണ്ടെത്തി. തീരദേശ മേഖല റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയില്ലെന്നും തീരദേശ ചട്ടങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 27 നു കലക്‌ടര്‍ ഉത്തരവിറക്കി. ഇതോടെയാണ്‌ പൊളിക്കാന്‍ നടപടി തുടങ്ങിയത്‌

Leave a Reply